രണ്ടേരണ്ട് മിനിറ്റ്; ആ ബില്ലും പാസായി, പാർലമെന്റിൽ ബില്ലുകൾ പാസാക്കുന്നത് മിനിറ്റുകൾക്കകം

ന്യൂഡൽഹി: ലോക്സഭയിലും രാജ്യസഭയിലുമിപ്പോൾ ബില്ലുകൾ പാസാക്കുന്നത് മിനിറ്റുകൾക്കകം. പരീക്ഷാക്രമക്കേടും അയോധ്യ സംഭാവനക്കൊള്ളയും ഉന്നയിച്ച് പ്രതിപക്ഷം പ്രതിഷേധം തുടരുമ്പോൾ, കേന്ദ്രസർക്കാർ അത് അവസരമാക്കി ബില്ലുകൾ പാസാക്കുകയാണ്. ലോക്സഭയിൽ ധനവിനിയോഗബിൽ രണ്ടുമിനിറ്റിലാണ് പാസാക്കിയത്.
പാർലമെന്റ് സമ്മേളനം തുടങ്ങി, കഴിഞ്ഞ എട്ടുദിവസത്തിനുള്ളിൽ ലോക്സഭയിൽ ആറും രാജ്യസഭയിൽ അഞ്ചും ബില്ലുകളാണ് ആകെ പാസാക്കിയത്. ഇതിൽ സർക്കാരുമായി സമവായത്തിലെത്തിയതിനാൽ പൊതുപരീക്ഷ (അന്യായമാർഗങ്ങൾ തടയൽ) ഭേദഗതി ബിൽ, ദേശീയ ബഹുമതി അനാദരവ് (ഭേദഗതി) ബിൽ എന്നിവയിലാണ് ഇരുസഭകളിലും പ്രധാനമായും ചർച്ച നടന്നത്. മറ്റുബില്ലുകളെല്ലാം മിനിറ്റുകൾക്കകം പ്രതിപക്ഷഭേദഗതികൾ തള്ളി ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു.
ഭരണപക്ഷത്തിന്റെ സംസാരമെങ്കിലും നടന്നത് രാജ്യസഭയിലാണ്. പൊതുപരീക്ഷാബില്ലിന് ലോക്സഭ ഒമ്പതുമണിക്കൂറും രാജ്യസഭ ഏഴുമണിക്കൂറും ചർച്ച അനുവദിച്ചു. ദേശീയ ബഹുമതി ബില്ലിന് ലോക്സഭ നാലുമണിക്കൂറും രാജ്യസഭ മൂന്നുമണിക്കൂറും അനുവദിച്ചെങ്കിലും പ്രതിപക്ഷാംഗങ്ങളുടെ സംസാരം പലപ്പോഴും തടസ്സപ്പെട്ടു. മിക്ക ബില്ലിലും അധ്യക്ഷൻ സി.പി. രാധാകൃഷ്ണനോ സ്പീക്കർ ഓം ബിർളയോ ചെയറിൽ ഹാജരായില്ല.
ബില്ലുകളുടെ അവസ്ഥ ഇങ്ങനെ
- ജനന-മരണ രജിസ്‌ട്രേഷൻ ഭേദഗതി ബിൽ-ലോക്സഭ- ജൂലായ് 31: ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് 12.05-ന് ബിൽ അവതരിപ്പിക്കുന്നു. 12.08-ന് പാസാക്കുന്നു. രാജ്യസഭ- ഓഗസ്റ്റ് നാല്: ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് രണ്ടുമണിക്ക് ബിൽ അവതരിപ്പിക്കുന്നു. പ്രതിപക്ഷ ബഹളത്തിനിടയിൽ 47 മിനിറ്റ് ചർച്ച. മന്ത്രിയുടെ മറുപടിയും പാസാക്കലും രണ്ടുമിനിറ്റിൽ തീരുന്നു.
- സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടൽ ബിൽ- ലോക്സഭ-ഓഗസ്റ്റ് മൂന്ന്: നിയമമന്ത്രി അർജുൻ റാം മേഘ്വാൾ 2.01-ന് ബിൽ അവതരിപ്പിച്ചു. പ്രതിപക്ഷ ബഹളത്തിനിടയിൽ ഒമ്പതുമിനിറ്റിനുള്ളിൽ ചർച്ചയില്ലാതെ ബിൽ 2.10-ന് പാസാക്കുന്നു. രാജ്യസഭ-ഓഗസ്റ്റ് അഞ്ച്: നിയമമന്ത്രി അർജുൻ റാം മേഘ്വാൾ രണ്ടുമണിക്ക് ബിൽ അവതരിപ്പിച്ചു. പ്രതിപക്ഷം ഇറങ്ങിപ്പോവുന്നു. 4.30-ഓടെ ബിൽ ലോക്സഭയിലേക്ക് തിരിച്ചയക്കുന്നു.
- സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എം.എസ്.എം.ഇ.)രാജ്യസഭ-ഓഗസ്റ്റ് മൂന്ന്: എം.എസ്.എം.ഇ. മന്ത്രി ജീതൻ റാം മാഞ്ചി രണ്ടുമണിക്ക് ബിൽ അവതരിപ്പിക്കുന്നു. പ്രതിപക്ഷബഹളത്തിനിടെ 3.25-ഓടെ ബിൽ പാസാക്കി.
- ധനവിനിയോഗബിൽ-ലോക്സഭ-ഓഗസ്റ്റ് നാല്: ധനമന്ത്രി നിർമലാ സീതാരാമൻ 2.13-ന് ബിൽ അവതരിപ്പിക്കുന്നു. രണ്ടുമിനിറ്റിനകം 2.15-ന് ബിൽ പാസാക്കുന്നു.
- ബാങ്കേഴ്‌സ് ബുക്ക് എവിഡൻസ് ബിൽ-ലോക്സഭ- ഓഗസ്റ്റ് അഞ്ച്: ധനമന്ത്രി നിർമലാസീതാരാമൻ 2.11-ന് ബിൽ അവതരിപ്പിക്കുന്നു. ചർച്ചകൂടാതെ 2.16-ന് ബിൽ പാസാക്കുന്നു.
ഡിജിറ്റൽ ബാങ്കിങ് ഇടപാടുകളും കോടതി രേഖകൾ: ബിൽ പാസാക്കി
ബാങ്ക് തട്ടിപ്പുകേസുകളിൽ ഡിജിറ്റൽ, വെർച്വൽ രേഖകളും കോടതിയിൽ തെളിവായി അനുവദിക്കുന്നതും ഏതു ധനകാര്യസ്ഥാപനത്തെയും ഉപാധികളോടെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ കേന്ദ്രത്തിന് അധികാരം നൽകുന്നതുമായ ബാങ്കേഴ്‌സ് ബുക്ക് എവിഡൻസ് ബിൽ ലോക്സഭ പാസാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ചർച്ചകൂടാതെയാണ് അംഗീകരിച്ചത്.
Content Highlights: Bills are being passed in minutes amid ongoing opposition protests over exam irregularities and Ayodhya issues., The Appropriation Bill was passed in just two minutes in the Lok Sabha., Significant legislation like the Bankers Book Evidence Bill was cleared without debate., While some bills saw limited discussion, most were passed via voice vote amidst parliamentary disruptions.