പഞ്ചാബ് സർവകലാശാലാ കാമ്പസിൽ ഗവേഷകവിദ്യാർത്ഥിനി ഷോക്കേറ്റ് മരിച്ചു; വി.സിക്കെതിരേ വിദ്യാർഥി പ്രതിഷേധം

ചണ്ഡീഗഡ്: പഞ്ചാബ് സർവകലാശാലാ ക്യാമ്പസിനുള്ളിൽവെച്ച് വൈദ്യുതാഘാതമേറ്റ് പിഎച്ച്.ഡി വിദ്യാർത്ഥിനി മരിച്ചു. മൈക്രോബയോളജി വിഭാഗത്തിലെ ഗവേഷകയായ ജ്യോതിയാണ് (28) ദാരുണമായി മരിച്ചത്. സംഭവത്തെത്തുടർന്ന് വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനൊടുവിൽ ജ്യോതിയുടെ കുടുംബത്തിന് സർവകലാശാല 16 ലക്ഷം രൂപ ധനസഹായവും സഹോദരന് ജോലിയും പ്രഖ്യാപിച്ചു.
ചൊവ്വാഴ്ചയാണ് സംഭവം. ഹരിയാനയിലെ രേവാരി സ്വദേശിയായ ജ്യോതി ഹോസ്റ്റലിൽനിന്ന് തന്റെ പഠനവിഭാഗത്തിലേക്ക് പോകുന്നതിനിടെ ആയിരുന്നു അപകടം. മഴപെയ്ത് വഴിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെത്തുടർന്ന് പ്രധാന പാതയ്ക്ക് പകരം നടപ്പാതയില്ലാത്ത ഭാഗത്തുകൂടി നടക്കാൻ ശ്രമിക്കുന്നതിനിടെ സമീപത്തെ ഇലക്ട്രിക് ജങ്ഷൻ ബോക്സിൽനിന്ന്ന്നുള്ള വൈദ്യതി ഏറ്റ് ഷോക്കേൽക്കുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ജ്യോതിയുടെ മരണവാർത്ത പുറത്തുവന്നതോടെ സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. രേണു വിഗിന്റെ ഓഫീസിന് മുന്നിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പ്രതിഷേധവുമായി തടിച്ചുകൂടി. ക്യാമ്പസിലെ സുരക്ഷയിൽ വീഴ്ചവരുത്തിയവർക്കെതിരെ നടപടി വേണമെന്നും വിദ്യാർത്ഥിനിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
തുടർന്ന്, സർവകലാശാല അധികൃതരും കുടുംബാംഗങ്ങളും തമ്മിൽ നടത്തിയ ചർച്ചയിലാണ് നഷ്ടപരിഹാരവും ജോലിയും സംബന്ധിച്ച തീരുമാനമുണ്ടായത്. പ്ലസ് ടുവും ഇലക്ട്രിക്കലിൽ ഐടിഐയും പൂർത്തിയാക്കിയ ജ്യോതിയുടെ സഹോദരന് സർവകലാശാലയിൽ ഇലക്ട്രീഷ്യനായി ജോലിനൽകും. സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.