പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം ഉടൻ പ്രഖ്യാപിച്ചേക്കും; സീറ്റ് വിഭജനം ചർച്ചയിൽ

#ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: 2027-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും ശിരോമണി അകാലിദളും (എസ്എഡി) രാഷ്ട്രീയ സഖ്യം പുതുക്കാൻ ഒരുങ്ങുന്നു. വിവാദമായ കർഷക നിയമങ്ങളെച്ചൊല്ലി 24 വർഷം നീണ്ട ബന്ധം അവസാനിപ്പിച്ച് വേർപിരിഞ്ഞ് ആറ് വർഷത്തിന് ശേഷമാണ് ഇരു പാർട്ടികളും  ഒന്നിക്കുന്നത്.

ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ പ്രസിഡന്റ് നിതിൻ നബിൻ, എസ്എഡി അധ്യക്ഷൻ സുഖ്ബീർ സിങ് ബാദൽ എന്നിവരുടെ സാന്നിധ്യത്തിൽ ഉച്ചയ്ക്ക് ഒരു മണിക്ക് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം. 2027-ലെ തിരഞ്ഞെടുപ്പിനായുള്ള സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണ്.

കേന്ദ്രത്തിന്റെ കർഷക നിയമങ്ങളിൽ പ്രതിഷേധിച്ച് 2020 സെപ്റ്റംബറിലാണ് അകാലിദൾ എൻഡിഎ വിട്ടത്. ഇതിന്റെ ഭാഗമായി കേന്ദ്ര കാബിനറ്റ് മന്ത്രിസ്ഥാനത്തുനിന്ന് ഹർസിമ്രത് കൗർ ബാദൽ രാജിവെച്ചിരുന്നു. കഴിഞ്ഞ മാസം ഡൽഹി സന്ദർശനവേളയിലും നവംബർ 1-ലെ ചണ്ഡീഗഡ് സന്ദർശന വേളയിലും 2027-ൽ പഞ്ചാബിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരുമെന്ന് അമിത് ഷാ പ്രവചിച്ചിരുന്നു. കോൺഗ്രസ്, ആം ആദ്മി പാർട്ടി (എഎപി) എന്നിവയല്ലാത്ത പാർട്ടികളുമായി, തങ്ങളുടെ ആശയങ്ങൾ അംഗീകരിക്കുന്നുവെങ്കിൽ സഖ്യത്തിന് തയ്യാറാണെന്ന് സുഖ്ബീർ സിങ് ബാദലും വ്യക്തമാക്കിയിരുന്നു.

2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും ഒറ്റയ്ക്കാണ് മത്സരിച്ചത്. 117 അംഗ സഭയിൽ ബിജെപി രണ്ടും എസ്എഡി മൂന്നും സീറ്റുകളാണ് നേടിയത്. സഖ്യം വേർപിരിയുന്നതിന് മുമ്പ് നടന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപി 23 സീറ്റുകളിലും എസ്എഡി 94 സീറ്റുകളിലുമായിരുന്നു മത്സരിച്ചിരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എസ്എഡി 10 സീറ്റുകളിലും ബിജെപി 3 സീറ്റുകളിലുമാണ് മത്സരിച്ചിരുന്നത്.

Content Highlights: Bjp and SAD renew their alliance for the Panjab assembly election 2027, six years after parting ways over controversial farm laws.