കരിമ്പട്ടികയിൽ പെടുത്തിയ നിർമ്മാണ കമ്പനിക്ക് കരാറുകൾ നൽകിയെന്ന വാദം തള്ളി കേരളം

ന്യൂഡൽഹി: പാലാരിവട്ടം മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയത്തിൽ കരിമ്പട്ടികയിൽ പെടുത്തിയ ശേഷവും തങ്ങൾക്ക് സംസ്ഥാന സർക്കാർ നിർമ്മാണ കരാറുകൾ അനുവദിച്ചെന്ന് ആർ.ഡി.എസ്. പ്രോജക്ട് എന്ന നിർമ്മാണ കമ്പനി. തിരുവനന്തപുരം സ്മാർട്ട് സിറ്റി നിർമ്മാണ കരാർ ഉൾപ്പടെ സംസ്ഥാന സർക്കാർ തങ്ങൾക്ക് അനുവദിച്ചത് കരിമ്പട്ടികയിൽ പെടുത്തിയതിന് ശേഷമാണെന്നും കമ്പനി സുപ്രീം കോടതിയെ അറിയിച്ചു. വസ്തുതകൾ വ്യക്തമാക്കി മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി അനുമതി നൽകി. അതേസമയം, കമ്പനി അവാസ്തവമായ കാര്യങ്ങളാണ് സുപ്രീം കോടതിയെ അറിയിച്ചതെന്ന് സംസ്ഥാന സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു.
പാലാരിവട്ടം മേൽപ്പാലം നിർമ്മിച്ച കമ്പനിയെ കരിമ്പട്ടികയിൽപെടുത്തിയ നടപടി റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാരാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ഈ ഹർജിയിൽ നേരത്തെ സുപ്രീം കോടതി ആർ.ഡി.എസ്. പ്രോജക്ട് എന്ന നിർമ്മാണ കമ്പനിക്ക് നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടീസിന് നൽകിയ മറുപടിയിലാണ് കരിമ്പട്ടികയിൽ പെടുത്തിയതിന് ശേഷം തങ്ങൾക്ക് സംസ്ഥാന സർക്കാർ അനുവദിച്ച കരാറുകളെ സംബന്ധിച്ച് വിശദീകരിച്ചിരിക്കുന്നത്.
കെ.എസ്.ടി.പി. പദ്ധതിയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ, തിരുവനന്തപുരം സ്മാർട്ട് സിറ്റി നിർമ്മാണ കരാർ എന്നിവയ്ക്ക് പുറമെ കൊച്ചിൻ ഷിപ്പ് യാർഡ്, പെട്രോ നെറ്റ്, ദേശീയ പാത എന്നിവയുടെ നിർമ്മാണ കരാറുകളും തങ്ങൾക്ക് സംസ്ഥാന സർക്കാർ കരിമ്പട്ടികയിൽപെടുത്തത്തിയതിന് ശേഷം ലഭിച്ചു എന്നാണ് ആർഡിഎസ് പ്രോജക്ട് സുപ്രീം കോടതിയെ അറിയിച്ചത്. സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന കടകവിരുദ്ധമായ ഈ നിലപാട് സുപ്രീം കോടതി പരിഗണിക്കണമെന്ന് കമ്പനിക്ക് വേണ്ടി ഹാജരാകുന്ന സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗി ആവശ്യപ്പെട്ടു.
അതേസമയം, കമ്പനിയുടെ അവകാശവാദത്തിന് മറുപടി ഫയൽ ചെയ്യാൻ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ നവീൻ ആർ. നാഥ്, സ്റ്റാന്റിംഗ് കോൺസൽ സി.കെ. ശശി എന്നിവർ ആവശ്യപ്പെട്ടു. ഈ ആവശ്യം ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ച് അംഗീകരിച്ചു. കരിമ്പട്ടികയിൽ ഉൾപെടുന്നതിന് മുമ്പ് ലഭിച്ച കരാറുകളെ സംബന്ധിച്ചാണ് കമ്പനിയുടെ അവകാശവാദമെന്നു സംസ്ഥാന സർക്കാരിന്റെ മുതിർന്ന ഉദ്യോഗസ്ഥർ മാതൃഭുമി ന്യൂസിനോട് പറഞ്ഞു.
പാലാരിവട്ടം പാലം അഴിമതി കേസിനെ തുടർന്ന് അഞ്ച് വർഷത്തേക്ക് സർക്കാർ ടെൻഡറുകളിൽ പങ്കെടുക്കാനാകാത്ത വിധം കമ്പനിയുടെ എ ക്ലാസ് ലൈസൻസ് ആണ് സംസ്ഥാന സർക്കാർ റദ്ദാക്കിയത്. മേൽപ്പാലം നിർമ്മാണ അപാകത പരിഹരിക്കുന്നതിൽ കമ്പനിക്ക് വീഴ്ച സംഭവിച്ചുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ നടപടി ചോദ്യം ചെയ്ത് കമ്പനി നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. എന്നാൽ ഡിവിഷൻ ബെഞ്ച് സർക്കാർ ഉത്തരവ് റദ്ദാക്കി നിർമ്മാണ കമ്പനിക്ക് അനുകൂലമായ ഉത്തരവ് പുറപ്പടുവിച്ചു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
Content Highlights: palarivattom flyover scam kerala government in supreme court