പാലക്കാട് മെഡിക്കല്‍ കോളേജ്: മുന്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വിധി സുപ്രീംകോടതി പുനഃപരിശോധിക്കും

പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

ന്യൂഡല്‍ഹി: മെഡിക്കല്‍ പി.ജി. പ്രവേശനത്തിന് സര്‍ക്കാര്‍ സര്‍വീസിലുള്ളവരുടെ ക്വാട്ടയിലേക്ക് പാലക്കാട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ പരിഗണിക്കാമെന്ന ഉത്തരവ് സുപ്രീംകോടതി പുനഃപരിശോധിക്കും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജി തുറന്ന കോടതിയില്‍ പരിഗണിക്കുമെന്ന സൂചന ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ച് നല്‍കി. പ്രാഥമിക വിലയിരുത്തലില്‍ ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധി തെറ്റാണെന്നാണ് തങ്ങളുടെ നിലപാടെന്നും ജസ്റ്റിസ് ഗവായ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.

മെഡിക്കല്‍ പി.ജി. പ്രവേശനത്തിനുള്ള സര്‍ക്കാര്‍ ക്വാട്ടയിലേക്ക് സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള പാലക്കാട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ പരിഗണിക്കാമെന്നായിരുന്നു കേരള ഹൈക്കോടതിയുടെ ഉത്തരവ്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി 2022 നവംബറില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോലി എന്നിവര്‍ അടങ്ങിയ ബെഞ്ച് തള്ളി. പാലക്കാട് മെഡിക്കല്‍ കോളേജിന്റെ ഭരണനിര്‍വഹണം നടത്തുന്ന സമിതിയുടെ അധ്യക്ഷന്‍ മുഖ്യമന്ത്രിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപ്പീല്‍ സുപ്രീം കോടതി തള്ളിയത്.

ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് പി.ജി. അഡ്മിഷന്‍ ലഭിച്ച രണ്ട് ഡോക്ടര്‍മാരുടെ അഡ്മിഷന്‍ റദ്ദായി. പാലക്കാട് മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് ആ ക്വാട്ടയില്‍ അഡ്മിഷന്‍ ലഭിക്കുകയും ചെയ്തു. അഡ്മിഷന്‍ റദ്ദാക്കപ്പെട്ട രണ്ട് ഡോക്ടര്‍മാര്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, കെ.വി. വിശ്വനാഥന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ബുധനാഴ്ച പരിഗണിച്ചത്.

മെഡിക്കല്‍ പി.ജി. പ്രവേശനത്തിന് സര്‍ക്കാര്‍ സര്‍വീസില്‍ ഉള്ളവരുടെ ക്വാട്ടയിലേക്ക് പരിഗണിക്കേണ്ടവരെ സംബന്ധിച്ച് 2008-ലെ നിയമത്തില്‍ വിശദീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ സര്‍വ്വീസിലെ ഡോക്ടര്‍മാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി. ചിദംബരേഷ് ചൂണ്ടിക്കാട്ടി. സംസ്ഥാന പട്ടികജാതി വികസനവകുപ്പിന്റെ കീഴിലുള്ള സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള പാലക്കാട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലുള്ളവരുടെ ക്വാട്ടയില്‍ അഡ്മിഷന്‍ നല്‍കുന്നത് 2008-ലെ നിയമത്തിനെതിരാണെന്നും അദ്ദേഹം വാദിച്ചു.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി.വി. ദിനേശ്, സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ എന്നിവരും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പുറപ്പടിവിച്ച വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. പാലക്കാട് മെഡിക്കല്‍ കോളേജിലെ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും കോളേജിലേക്ക് നിയമിക്കുന്നത് സൊസൈറ്റിയാണ്. അതിനാല്‍ അവരെ സര്‍ക്കാര്‍ ജീവനക്കാരായി കണക്കാക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാരിന്റെ വാദം.

തുടര്‍ന്നാണ് സര്‍ക്കാര്‍ സര്‍വ്വീസിലെ ഡോക്ടര്‍മാര്‍ നല്‍കിയ ഹര്‍ജിക്കൊപ്പം സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ ചെയ്ത പുനഃപരിശോധന ഹര്‍ജിയും പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്. ഹര്‍ജികള്‍ ഏത് ബെഞ്ചാണ് പരിഗണിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ബെഞ്ച് തീരുമാനിക്കും. പാലക്കാട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയന്ത് മുത്തുരാജ് ഹാജരായി.

Content Highlights: Supreme court to review Justice DY Chandrachud's order on Palakkad medical college pg admission case