ഇന്ത്യയിലേക്കുള്ള വിസ കിട്ടിയില്ല; ജോധ്പൂര്‍ സ്വദേശിയെ ഓണ്‍ലൈനായി വിവാഹം കഴിച്ച് പാകിസ്താന്‍കാരി

വിവാഹച്ചടങ്ങില്‍ അമീനയും അര്‍ബാസും. photo: twitter.com/dileep
വിവാഹച്ചടങ്ങില്‍ അമീനയും അര്‍ബാസും. photo: twitter.com/dileep

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് പാകിസ്താന്‍ യുവതി രാജസ്ഥാനിലെ ജോധ്പുര്‍ സ്വദേശിയെ ഓണ്‍ലൈനായി വിവാഹം കഴിച്ചു. കറാച്ചി സ്വദേശിനിയായ അമീനയും ജോധ്പുരില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അര്‍ബാസ് ഖാനും തമ്മിലാണ് ഓണ്‍ലൈനായി വിവാഹം കഴിച്ചത്. വിവാഹത്തിന് ഇന്ത്യയിലേക്ക് വരാന്‍ അമീനയ്ക്ക് വിസ ലഭിക്കാത്തതിനെ തുടര്‍ന്നാണ് വിവാഹം ഓണ്‍ലൈനായി നടത്താന്‍ ഇരുവരും തീരുമാനിച്ചത്. 

'അമീന വിസയ്ക്ക് അപേക്ഷിക്കും. അംഗീകരിക്കപ്പെടില്ല എന്നതിനാലാണ്‌ ഞാന്‍ പാകിസ്താനിലേക്ക് പോയി വിവാഹം കഴിക്കാതിരുന്നത്. ഇന്ത്യയില്‍ എത്തിയാല്‍ ഞങ്ങള്‍ വീണ്ടും വിവാഹം കഴിക്കേണ്ടിവരും', വിവാഹ ചടങ്ങിന് ശേഷം അര്‍ബാസ് പറഞ്ഞു. വീട്ടുകാര്‍ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹമാണിതെന്നും പാകിസ്താനിലുള്ള തന്റെ ബന്ധുക്കളാണ് ആലോചന കൊണ്ടുവന്നതെന്നും അര്‍ബാസ് പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം ഈ ദിവസങ്ങളില്‍ ശരിയല്ലാത്തതിനാലാണ് നിക്കാഹ് ഓണ്‍ലൈനില്‍ നടത്താന്‍ കാരണമെന്നും അമീനയ്ക്ക് വൈകാതെ വിസ ലഭിക്കുമെന്നും ഇന്ത്യയിലേക്ക് വരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അര്‍ബാസ് കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഇരുവരുടെയും ഓണ്‍ലൈന്‍ വിവാഹച്ചടങ്ങ്. അമീന കറാച്ചിയില്‍ ഇരുന്നും അര്‍ബാസ് ജോധ്പൂരിലെ ഓസ്വാള്‍ സമാജ് ഭവനില്‍ തന്റെ സുഹൃത്തുകള്‍ക്കും കുടുംബത്തിനുമൊപ്പവുമാണ് ചടങ്ങില്‍ പങ്കെടുത്തത്. ജോധ്പുര്‍ ഖാസിയായിരുന്നു ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. പാകിസ്താനില്‍ വധുവിന്റെ ഭാഗത്തും ചടങ്ങിന് നേതൃത്വം നല്‍കാന്‍ ഖാസിയുണ്ടായിരുന്നു. 

ഉത്തര്‍പ്രദേശിലെ നോയിഡ സ്വദേശിയായ യുവാവിനെ വിവാഹം കഴിക്കാന്‍ പാകിസ്താനില്‍ നിന്നുള്ള സീമ ഹൈദര്‍ എന്ന യുവതി അടുത്തിടെ ഇന്ത്യയിലേക്ക് വന്നത് വലിയ വാര്‍ത്തയായിരുന്നു. ഇതിനുപിന്നാലെ ഇന്ത്യക്കാരിയായ ഒരു യുവതി പാകിസ്താനിലെത്തി അവിടെയുള്ള യുവാവിനേയും വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ അതിര്‍ത്തി കടന്നുള്ള പ്രണയങ്ങള്‍ ചര്‍ച്ചയാകുന്നതിനിടെയാണ് വീണ്ടുമൊരു ഇന്ത്യ-പാക് വിവാഹം നടന്നത്.

Content Highlights: Pakistan Woman Virtually Marries Jodhpur Man After Failing To Get Indian Visa