‘ഞങ്ങളുടെ വിഹിതം തടയുന്നവരുടെ കൈകൾ വെട്ടും’; ഇന്ത്യയ്‌ക്കെതിരേ പ്രകോപന പരാമർശവുമായി പാക് മന്ത്രി

#ന്യൂസ് ഡെസ്ക്
മുസാദിക് മാലിക് | Photo: AFP
മുസാദിക് മാലിക് | Photo: AFP

ഇസ്ലാമാബാദ്: ഇന്ത്യയ്ക്കെതിരെ വീണ്ടും പ്രകോപനപരമായ പരാമർശവുമായി പാക് മന്ത്രി. സിന്ധു നദീജല കരാർ പ്രകാരമുള്ള പാകിസ്താന്റെ വിഹിതം അവകാശപ്പെടുന്നവരുടെ കൈകൾ വെട്ടിമാറ്റുമെന്ന് പാകിസ്താനിലെ കാലാവസ്ഥാ വകുപ്പ് മന്ത്രി മുസാദിക് മാലിക് ഭീഷണി മുഴക്കി. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പതിറ്റാണ്ടുകൾ പഴക്കമുള്ള സിന്ധുനദീജലകരാർ ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചിരുന്നു. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങൾ വർധിക്കുകയും ചെയ്തു. ഇതിനിടെയാണ് പാക് മന്ത്രിയുടെ ഭാഗത്തുനിന്ന് പ്രകോപനപരമായ പരാമർശമുണ്ടായിരിക്കുന്നത്.

ഇന്ത്യ പാകിസ്താന്റെ ജലവിഹിതം 'നിയന്ത്രിക്കുകയാണെ'ന്ന് മാലിക് ആരോപിച്ചു. തങ്ങളുടെ ജലവിഹിതം തടസ്സപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നും അതിന് ശ്രമിക്കുന്നവർക്ക് തക്കതായ മറുപടി കൊടുക്കുമെന്നും മാലിക് പാകിസ്താനിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞതായി 'ഡോൺ' റിപ്പോർട്ട് ചെയ്തു.

പാകിസ്താനിലെ 40 മുതൽ 50 ശതമാനംവരെ ജനങ്ങൾ ഉപജീവനത്തിനായി കൃഷിയെയാണ് ആശ്രയിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെയും 50 ശതമാനം തൊഴിലവസരങ്ങളെയും 25 ശതമാനം സമ്പദ് വ്യവസ്ഥയെയും പൂർണമായി നിയന്ത്രിക്കാനാണ് 'മറ്റുചിലർ' ശ്രമിക്കുന്നത്. 'അയൽരാജ്യത്തെ പ്രധാനമന്ത്രിയാണ് ഈ ടാപ്പ് നിയന്ത്രിക്കുന്നത്. ഒരു തുള്ളി വെള്ളംപോലും പാകിസ്താനിലേക്ക് ഒഴുക്കാൻ അനുവദിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ, വെള്ളം നിഷേധിക്കാൻ ശ്രമിക്കുന്നവർ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പാകിസ്താൻ നേരത്തെതന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണെന്ന് മാലിക് പറഞ്ഞു. പക്ഷേ, തങ്ങൾ സ്വയം സംരക്ഷിക്കുമെന്നും ഇന്ത്യയുടെ നിലപാടിൽ നീതിയുടെ ചോദ്യം കൂടിയുണ്ടെന്നും മാലിക് അഭിപ്രായപ്പെട്ടു. തങ്ങളുടെ ജലവിഹിതത്തിന്മേൽ ആരെങ്കിലും കൈവെച്ചാൽ ആ കൈകൾ ഞങ്ങൾ വെട്ടിമാറ്റുമെന്ന് തെളിയിച്ചിട്ടുണ്ട്. ലോകത്ത് മറ്റ് പലയിടങ്ങളിലും ഒരു കരാറിന്റെയും അഭാവത്തിൽ പോലും അന്താരാഷ്ട്ര കൺവെൻഷനുകളുടെ അടിസ്ഥാനത്തിൽ നദീജലം ഒഴുകുന്നുണ്ടെന്നും മാലിക് കൂട്ടിച്ചേർത്തു.

ഇതേ വാർത്താസമ്മേളനത്തിൽ സംസാരിച്ച പാകിസ്താൻ വാർത്താവിനിമയ മന്ത്രി അത്താഉല്ല തരാറും സിന്ധു നദീജല കരാർ നിയമപരമായി നിലനിൽക്കുന്നതാണെന്നും അത് ഏകപക്ഷീയമായി റദ്ദാക്കാനോ ഭേദഗതി വരുത്താനോ കഴിയില്ലെന്നും വാദിച്ചു. നിയമപരമായി നടപ്പിലാക്കാൻ സാധിക്കുന്ന ഈ കരാറിന് കീഴിൽ സിന്ധു നദിയിലെ വെള്ളത്തിന്മേൽ പാകിസ്താൻ ജനതയ്ക്ക് അവകാശമുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. 'നിയമപരമായി പാകിസ്താന്റെ നിലപാടിന് അന്താരാഷ്ട്ര പിന്തുണയുണ്ട്, സിന്ധു നദീജല കരാർ ഏകപക്ഷീയമായി റദ്ദാക്കാനോ ഇല്ലാതാക്കാനോ ഭേദഗതി ചെയ്യാനോ കഴിയില്ല,' തരാർ പറഞ്ഞു.

പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പ്രതിരോധ സേനകളുടെ മേധാവിയും ആർമി ചീഫുമായ ഫീൽഡ് മാർഷൽ അസിം മുനീറും 'വെള്ളം ഞങ്ങളുടെ ജീവരേഖയും റെഡ് ലൈനുമാണ്' എന്ന് പലതവണ വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു.

അടുത്ത ഒന്നര-രണ്ട് വർഷത്തിനുള്ളിൽ സിന്ധു നദിയിലെ ഇന്ത്യയുടെ വിഹിതം പൂർണമായും വിനിയോഗിക്കാൻ ഇന്ത്യ ഉദ്ദേശിക്കുന്നുവെന്നും ഇന്ത്യയ്ക്കുള്ള ഒരൊറ്റ തുള്ളി വെള്ളംപോലും പാകിസ്താനിലേക്ക് ഒഴുക്കില്ലെന്നും കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീൽ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പാകിസ്താനിൽനിന്നുള്ള ഈ പ്രതികരണങ്ങൾ വരുന്നത്.

കഴിഞ്ഞവർഷം ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 സിവിലിയന്മാരുടെ മരണത്തിനിടയാക്കിയ അതിർത്തി കടന്നുള്ള ഭീകരാക്രമണത്തെ തുടർന്നാണ് ഇന്ത്യ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവെച്ചത്. പാകിസ്താൻ മണ്ണിൽനിന്ന് പ്രവർത്തിക്കുന്ന ഭരണകൂട സ്‌പോൺസേർഡ് ഭീകരവാദത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ പാകിസ്താൻ പൂർണമായി തകർക്കുന്നതുവരെ ജലകരാർ താൽക്കാലികമായി നിർത്തിവെക്കുമെന്ന ശക്തമായ നിലപാടിലാണ് ഇന്ത്യ.

1960-ൽ ലോകബാങ്കിന്റെ മധ്യസ്ഥതയിൽ ഒപ്പുവെച്ച ഈ കരാറാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സിന്ധു നദിയുടെയും അതിന്റെ പോഷകനദികളുടെയും ജലവിതരണവും ഉപയോഗവും നിയന്ത്രിക്കുന്നത്.

Content Highlights: Pakistan climate minister threatens retaliation over India's suspension of the Indus Waters Treaty., India suspended the 1960 treaty following the 2025 Pahalgam terror attack., Pakistan claims the treaty cannot be unilaterally revoked under international law., India aims to utilize its full share of water within the next 1.5 to 2 years., Water access remains a 'red line' for the Pakistani government and military.