പ്രിയതമനുസമീപം വിലപിക്കുന്ന യുവതി, ഉറ്റവരെ തിരഞ്ഞ് പരക്കംപായുന്ന സ്ത്രീകൾ; കണ്ണീർക്കാഴ്ചയായി പഹൽഗാം

പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ച വിനോദസഞ്ചാരിയുടെ മൃതദേഹത്തിനരികിലുന്ന് കരയുന്ന യുവതി, ആക്രമണത്തിൽ അകപ്പെട്ട യുവതി | Photo: PTI, ANI
പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ച വിനോദസഞ്ചാരിയുടെ മൃതദേഹത്തിനരികിലുന്ന് കരയുന്ന യുവതി, ആക്രമണത്തിൽ അകപ്പെട്ട യുവതി | Photo: PTI, ANI

‘‘ദയവായി എന്റെ ഭർത്താവിനെ രക്ഷിക്കൂ. ദൈവത്തെയോർത്ത്, അവനെ രക്ഷിക്കൂ. ഞങ്ങൾ ലഘുഭക്ഷണം കഴിക്കുമ്പോൾ ഒരാൾവന്ന് എന്റെ ഭർത്താവിനെ വെടിവെച്ചു.’’ -പഹൽഗാമിൽ വെടിയേറ്റുകിടക്കുന്ന പ്രിയതമനുസമീപം വിലപിക്കുന്ന യുവതിയുടെ ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിലുടനീളം പ്രചരിക്കുന്നത്.

ആക്രമണസ്ഥലത്തുനിന്നുള്ള കരളലിയിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ഒട്ടേറെപ്പേർ രക്തംവാർന്ന് നിലത്ത് അനങ്ങാതെ കിടക്കുന്നു. സ്ത്രീകൾ വിലപിച്ച് പരക്കംപായുന്നു. പലരും ഉറ്റവരെ തിരയുന്നുണ്ട്.

കൊച്ചുകുട്ടികൾ വിറങ്ങലിച്ചിരിക്കുന്നു... വാഹനഗതാഗതമെത്താത്ത പ്രദേശമായതിനാൽ പരിക്കേറ്റവരെ കുതിരപ്പുറത്തുകയറ്റിയാണ് നാട്ടുകാർ കൊണ്ടുപോയത്. പിന്നീട് ഹെലികോപ്റ്ററുകളെത്തി. കർണാടക സ്വദേശി മജ്ജുനാഥ് റാവുവിനെ മകന്റെയും ഭാര്യയുടെയും മുന്നിൽവെച്ചാണ് വെടിവെച്ചുകൊന്നത്.

ഒറ്റക്കെട്ടായി രാജ്യം

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണവും പുൽവാമ ആക്രമണവുമുണ്ടാക്കിയ രക്തച്ചൊരിച്ചിലിനുശേഷം ഭീകരവാദികൾ അടുത്ത ലക്ഷ്യവുമായി പഹൽഗാമിൽ ഭീകരത വിതച്ചപ്പോൾ രാജ്യം നടുങ്ങി. ചൊവ്വാഴ്ച വൈകീട്ട് കശ്മീരിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ രാജ്യം ഒറ്റക്കെട്ടായി അപലപിച്ചു. വിദേശസന്ദർശനത്തിലായ പ്രധാനമന്ത്രിയുടെ അഭാവത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു. തുടർന്ന് പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം അമിത് ഷായും ഡൽഹി ലെഫ്.ഗവർണർ മനോജ് സിൻഹയും ശ്രീനഗറിലേക്ക് കുതിച്ചു.

:എൻഐഎ സംഘം ബുധനാഴ്ച ശ്രീനഗറിലെത്തും. അതിർത്തികടന്നുള്ള ഭീകരാക്രമണത്തോത് കുറഞ്ഞെന്നും 370-ാം അനുച്ഛേദം പിൻവലിച്ചതിനുശേഷം കശ്മീരിൽ സ്ഥിതിഗതികൾ ശാന്തമായെന്നും കണക്കുകൾ ഉദ്ധരിച്ച് കേന്ദ്രസർക്കാർ അവകാശപ്പെടുന്നതിനിടയിലുണ്ടായ കൂട്ടക്കൊലയിൽ രാജ്യം വിറങ്ങലിച്ചു. വിനോദസഞ്ചാരസീസണായതിനാൽ രാജ്യത്തിന്റെ വിവിധപ്രദേശങ്ങളിൽനിന്നെത്തിയ വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടരുന്നതിനിടയിൽ ഭീതി വിതച്ചുണ്ടായ ആക്രമണം ജമ്മുകശ്മീരിനെയും വർഷങ്ങൾക്കുശേഷം ആഘാതത്തിലാഴ്ത്തിയിട്ടുണ്ട്.

ഉച്ചയ്ക്ക് രണ്ടരയോടെയാണ് ആക്രമണം നടന്നത്. സാധാരണക്കാരായ വിനോദസഞ്ചാരികൾക്ക് നേരെ പൊടുന്നനെയുണ്ടായ ആക്രമണം ടൂറിസം ഗ്രാമത്തെ ഞെട്ടിച്ചു. സംഭവമറിഞ്ഞ ഉടൻ നോർത്തേൺ ആർമി കമാൻഡർ ലഫ്.ജനറൽ എം.വി സുചേന്ദ്രകുമാർ ശ്രീനഗറിലേക്ക കുതിച്ചു. ശ്രീനഗറിനുപുറത്ത് റംബാനിലായിരുന്ന മുഖ്യമന്ത്രി ഒമർ അബ്ദുള്ള ശ്രീനഗറിലേക്ക് മടങ്ങി. പ്രദേശത്ത് സൈന്യവും സുരക്ഷാഏജൻസികളും സുരക്ഷാവലയം തീർത്തിരിക്കുകയാണ്. വൈകീട്ട് നടന്ന ഉന്നതതലയോഗത്തിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി എസ്. ജയ്‌ശങ്കർ, ഡൽഹി ലെഫ്.ഗവർണർ മനോജ് സിൻഹ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ പങ്കെടുത്തു..

ഭീകരരെ തുരത്താൻ ആന്റി ടെറർ പ്രവർത്തനങ്ങൾ തുടങ്ങിയതായി ലെഫ്.ഗവർണർ മനോജ് സിൻഹ പുറപ്പെടുംമുൻപ്‌ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യം മുഴുവൻ കടുത്തരോഷത്തിലാണ്. പഹൽഗാം ആക്രമണത്തിന് ഉത്തരവാദികളായവർക്കെതിരേ കടുത്ത നടപടി ഉണ്ടാകും. അവർ വലിയവില കൊടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Pahalgham Terror Attack Casualties Aftermath Live update