RSSകാരില്‍ പലരും ബ്രഹ്മചാരികള്‍, കുട്ടികളുടെ എണ്ണത്തെ കുറിച്ച് പറയേണ്ടതുണ്ടോ? ഭാഗവതിനെതിരെ ഒവൈസി

ന്യൂഡല്‍ഹി: ഓരോ ഇന്ത്യന്‍ ദമ്പതിമാര്‍ക്കും മൂന്ന് കുട്ടികള്‍ വീതം വേണമെന്നുള്ള ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്‌ക്കെതിരെ എഐഎംഐഎം അധ്യക്ഷനും ലോക്‌സഭാംഗവുമായ അസാദുദ്ദീന്‍ ഒവൈസി. ജനങ്ങളുടെ വ്യക്തിജീവിതത്തില്‍ ഇത്തരത്തിലുള്ള ഇടപെടലുകള്‍ ഒരിക്കലും ഉണ്ടാകരുതെന്ന് ഒവൈസി പ്രതികരിച്ചു. ഉത്തര്‍പ്രദേശിലെ സംഭലില്‍ ഹിന്ദുമതവിഭാഗത്തിന്റെ ജനസംഖ്യ 15 ശതമാനമായി കുറഞ്ഞതായുള്ള റിപ്പോര്‍ട്ട് പക്ഷപാതപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ കൊല്ലം പ്രദേശത്തുണ്ടായ കലാപത്തിന് ശേഷമാണ് ഇത്തരത്തിലുള്ള കുറവുണ്ടായതെന്നും സ്വാതന്ത്ര്യലബ്ദിയുടെ സമയത്ത് ഇത് 45 ശതമാനമായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ടിലെ പക്ഷപാതപരമായ കണക്കില്‍ അത്ഭുതമില്ലെന്നും എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഒവൈസി കൂട്ടിച്ചേര്‍ത്തു.
ജനസംഖ്യാപരമായുള്ള ലാഭം വിചാരിച്ചപോലെ ലഭിക്കാത്തതിനാലാകണം മൂന്ന് കുട്ടികള്‍ വേണമെന്ന നയം മോഹന്‍ ഭാഗവത് മുന്നോട്ടുവെച്ചതെന്ന് ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് ഒവൈസി മറുപടി നല്‍കി. രാജ്യത്തെ ജനതയുടെ 65 ശതമാനവും 35 വയസ്സിന് താഴെ പ്രായമുള്ളവരാണെന്നും അവര്‍ക്ക് തൊഴിലവസരമോ വിദ്യാഭ്യാസമോ മതിയായ പരിശീലനമോ ലഭ്യമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മോഹന്‍ ഭാഗവതും പരാജയപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"ജനസംഖ്യാനിയന്ത്രണം വേണമെന്ന് 2019 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി മോദി പറഞ്ഞത് വിസ്മരിക്കരുത്. മുസ്ലിം വിഭാഗം കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതായി 2024ല്‍ രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ പ്രധാനമന്ത്രി കുറ്റപ്പെടുത്തിയതും മറക്കരുത്. ഇപ്പോള്‍ പൊടുന്നനെ കൂടുതല്‍ കുട്ടികള്‍ വേണമെന്ന് ഭാഗവത് പറയുന്നല്ലോ, ജനങ്ങളുടെ ജീവിതത്തില്‍ ഇടപെടാന്‍ അയാള്‍ ആരാണ്? എത്ര കുട്ടികള്‍ വേണമെന്ന് ഒരു സ്ത്രീ അവരുടെ കുടുംബവുമായോ ഭര്‍ത്താവുമായോ ആലോചിച്ച് തീരുമാനിക്കേണ്ട കാര്യമല്ലേ, അവരെ എന്തിനാണ് ബുദ്ധിമുട്ടിയ്ക്കുന്നത്? ആര്‍എസ്എസിലെ ആളുകള്‍ വിവാഹിതരാകാറില്ല. അവരില്‍ പലരും ബ്രഹ്‌മചാരികളായി കഴിയുന്നു. അവരുടെ ജീവിതത്തെ കുറിച്ച് നമ്മള്‍ അഭിപ്രായം പറയാറില്ലല്ലോ. അവര്‍ ചെയ്യാത്ത കാര്യങ്ങളില്‍ അവരെന്തിനാണ് അഭിപ്രായം പറയുന്നത്?", ഒവൈസി ചോദിച്ചു.
കഴിഞ്ഞ കൊല്ലം നവംബര്‍ 24ന് സംഭലില്‍ നടന്ന കലാപത്തിനു ശേഷമുള്ള സാമൂഹികാവസ്ഥയെ കുറിച്ച് പുറത്തുവന്ന റിപ്പോര്‍ട്ടിനെ കുറിച്ചും ഒവൈസിയോട് ആരാഞ്ഞു. യോഗി ആദിത്യനാഥിന് കീഴിലുള്ള യുപി സര്‍ക്കാര്‍ സംസ്ഥാനത്തിലെ മുസ്ലിങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കിയിരിക്കുകയാണെന്നും അതിനാല്‍ത്തന്നെ റിപ്പോര്‍ട്ടില്‍ അത്ഭുതപ്പെടുന്നില്ലെന്നും അ ദ്ദേഹം പ്രതികരിച്ചു. ജനാധിപത്യകക്ഷികളെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ വിഷയത്തെ കുറിച്ച് ഒരു പ്രതികരണവും നടത്തിയില്ലെന്ന കാര്യവും ഒവൈസി ചൂണ്ടിക്കാട്ടി.
Content Highlights: Owaisi criticizes Mohan Bhagwat`s call for 3 children per Indian couple