'കഴിവുകെട്ട ആഭ്യന്തരമന്ത്രി, അമിത് ഷാ രാജിവെച്ച് വീട്ടില്‍പോകണം'; രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം

#ന്യൂസ് ഡെസ്‌ക്
അമിത് ഷാ, അജയ് റായ്, മഹുവ മൊയ്ത്ര | ഫയല്‍ചിത്രം | Photo: PTI
അമിത് ഷാ, അജയ് റായ്, മഹുവ മൊയ്ത്ര | ഫയല്‍ചിത്രം | Photo: PTI

ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെയ്ക്കണമെന്ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചയാണ് ഇത് ചൂണ്ടിക്കാട്ടുന്നതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി തിരഞ്ഞെടുപ്പ് തിരക്കുകളിലാണെന്നും അദ്ദേഹം ആരോപിച്ചു.

''ഈ സംഭവത്തിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും? അമിത് ഷായാണ് ഇതിന് ഉത്തരവാദി. അദ്ദേഹം രാജിവെച്ച് വീട്ടില്‍പോകണം. ഇത് സര്‍ക്കാരിന്റെ പരാജയമാണ്'', അജയ് റായ് പറഞ്ഞു.

''നിരപരാധികളായ ആളുകള്‍ മരിച്ചുവീഴുന്നത് തുടരുമ്പോള്‍ രാജ്യം മുഴുവന്‍ ഉത്കണ്ഠയിലാണ്. നുഴഞ്ഞുകയറ്റക്കാരൊന്നും പ്രവേശിക്കുന്നില്ലെന്നാണ് അവരുടെ അവകാശവാദം. പിന്നെ എങ്ങനെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പാണ് നമ്മുടെ കുട്ടികള്‍ പഹല്‍ഗാമില്‍ കൊല്ലപ്പെട്ടത്. എന്താണ് സംഭവിച്ചതെന്ന് അവര്‍ കണ്ടതാണ്, പക്ഷേ, എന്നിട്ടും എല്ലാം ശരിയാക്കുമെന്നാണ് അവര്‍ പറയുന്നത്. 2019-ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് പുല്‍വാമയില്‍ ഇതുപോലെയുണ്ടായത്. പക്ഷേ, അതില്‍ ഒരു അന്വേഷണവും ഉണ്ടായില്ല'', അജയ് റായ് കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് നേതാവും കര്‍ണാടകയിലെ മന്ത്രിയുമായ പ്രിയങ്ക് ഖാര്‍ഗെയും ഡല്‍ഹിയിലെ സ്‌ഫോടനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കുറ്റപ്പെടുത്തി. സ്വതന്ത്രഇന്ത്യയിലെ ഏറ്റവും കഴിവുകെട്ട ആഭ്യന്തമന്ത്രിയെന്നാണ് അദ്ദേഹം അമിത് ഷായെ വിശേഷിപ്പിച്ചത്. അമിത് ഷായ്‌ക്കെതിരേ നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്തിനാണ് ഭയക്കുന്നതെന്നും നടപടി സ്വീകരിച്ചാല്‍ ഗുജറാത്തിലെ രഹസ്യങ്ങള്‍ പുറത്തുവരുമെന്നതാണോ പ്രധാനമന്ത്രിയുടെ ഭയത്തിന് കാരണമെന്നും അദ്ദേഹം ചോദിച്ചു. മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കില്‍ ആഭ്യന്തരമന്ത്രി ഇപ്പോള്‍ രാജിവെച്ചിട്ടുണ്ടാകുമെന്നും ഇവിടെ ഇന്റലിജന്‍സ് പരാജയപ്പെട്ടെന്നും അതിനാല്‍ ആഭ്യന്തരമന്ത്രി എത്രയുംവേഗം രാജിവെക്കണമെന്നും പ്രിയങ്ക് ഖാര്‍ഗെ ആവശ്യപ്പെട്ടു.

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയും അമിത് ഷായ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. മുഴുവന്‍സമയവും വിദ്വേഷപ്രചാരണം നടത്തുന്ന മന്ത്രിയെ അല്ല, കഴിവുള്ള ആഭ്യന്തരമന്ത്രിയെയാണ് ഇന്ത്യയ്ക്ക് വേണ്ടതെന്നായിരുന്നു മഹുവ മൊയ്ത്രയുടെ പ്രതികരണം. നമ്മുടെ അതിര്‍ത്തികളും നമ്മുടെ നഗരങ്ങളും സുരക്ഷിതമാക്കേണ്ട കടമ അമിത് ഷായുടേതാണ്. എന്തുകൊണ്ടാണ് അദ്ദേഹം എല്ലാകാര്യങ്ങളിലും പരാജയപ്പെടുന്നതെന്നും മഹുവ മൊയ്ത്ര ചോദിച്ചു. ഡല്‍ഹി സ്‌ഫോടനം ആഭ്യന്തരസുരക്ഷയുടെ ഗുരുതരമായ വീഴ്ചയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് തൃണമൂല്‍ ദേശീയ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും കുറ്റപ്പെടുത്തി. 

അതേസമയം, പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനത്തിനെതിരേ ബിജെപി നേതാക്കളും രംഗത്തെത്തി. ഒരു ദുരന്തത്തെ പ്രതിപക്ഷം രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പ്രതികരിച്ചു. തീവ്രവാദ മൊഡ്യൂളുകള്‍ക്കെതിരേ വലിയതോതിലുള്ള നടപടികള്‍ സ്വീകരിക്കുകയും അവരുടെ ആക്രമണപദ്ധതികള്‍ പരാജയപ്പെടുത്തുകയും ചെയ്യുകയാണ്. എന്നാല്‍, സുരക്ഷാ ഏജന്‍സികളെ പിന്തുണക്കുന്നതിന് പകരം പ്രതിപക്ഷം സര്‍ക്കാരിനെ ചോദ്യംചെയ്യുന്ന തിരക്കിലാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നിരുത്തരവാദിത്തപരമായാണ് പെരുമാറുന്നതെന്നും ഇത് ദേശീയഐക്യത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Content Highlights: Opposition parties, including Congress, criticize the central government over the Delhi blast. Ajay Rai demands Amit Shah`s resignation, citing security failures. Learn more about the political fallout.