ചര്‍ച്ചയായി പൊതുഅജണ്ടയും മുന്നണിയുടെ പേരും; സീറ്റ് വിഭജനത്തില്‍ സമയം തേടി കോണ്‍ഗ്രസ്

ബെംഗളൂരു: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മുന്നണി രൂപീകരണത്തിന് പ്രതിപക്ഷ പാര്‍ട്ടികള്‍ ബെംഗളൂരുവില്‍ ഒത്തുചേര്‍ന്നു. ചൊവ്വാഴ്ച രാവിലെ നടക്കുന്ന ഔപചാരിക യോഗത്തിന്റെ അജണ്ട കോണ്‍ഗ്രസ് ഒരുക്കിയ അത്താഴവിരുന്നില്‍ ചര്‍ച്ചയായി.
പുതിയ മുന്നണിയുടെ പേരും പൊതുഅജണ്ടയും നിശ്ചയിക്കണമെന്ന ആവശ്യമാണ് ഇന്നത്തെ അനൗപചാരിക യോഗത്തില്‍ ഉയര്‍ന്നുവന്നത്. എന്നാല്‍ സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് നാളത്തെ യോഗം കടക്കാനിടയില്ല. ഇക്കാര്യത്തില്‍ കുറച്ച് സമയം കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
'സമാന ചിന്താഗതിക്കാരായ പ്രതിപക്ഷപാര്‍ട്ടികള്‍ സാമൂഹിക നീതി, സാര്‍വത്രിക വികസനം, ദേശീയ ക്ഷേമം തുടങ്ങിയ അജണ്ട മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കും. വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും സാമ്പത്തിക അസമത്വത്തിന്റെയും കൊള്ളയുടെയും സ്വേച്ഛാധിപത്യവും ജനവിരുദ്ധവുമായ രാഷ്ട്രീയത്തില്‍ നിന്ന് ഇന്ത്യയിലെ ജനങ്ങളെ മോചിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാ തത്വങ്ങളാല്‍ ഭരിക്കപ്പെടുന്ന ഒരു ഇന്ത്യയാണ് നമുക്ക് വേണ്ടത്. ഏറ്റവും ദുര്‍ബലനായ വ്യക്തിക്കുപോലും പ്രതീക്ഷയും വിശ്വാസവും നല്‍കുന്ന ഒരു ഇന്ത്യയാണ് ആവശ്യം' ആദ്യ ദിന യോഗത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ട്വീറ്റ് ചെയ്തു. 'യുണൈറ്റഡ് വി സ്റ്റാന്‍ഡ് എന്ന മുദ്രാവാക്യത്തിലാണ് ബെംഗളൂരുവിലെ പ്രതിപക്ഷ യോഗം പുരോഗമിക്കുന്നത്.
26 പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ന് യോഗത്തിനെത്താത്ത എന്‍സിപി നേതാവ് ശരദ് പവാര്‍ നാളെ എത്തുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിച്ചിരിക്കുന്നത്. മകള്‍ സുപ്രിയ സുലെ ബെംഗളൂരുവിലെത്തിയിട്ടുണ്ട്.
Content Highlights: Oppn meet Tuesday to discuss common name, agenda, Cong admits will take time