48 ചോദ്യങ്ങൾ, തിരഞ്ഞെടുപ്പ് കമ്മിഷനെ കോടതിയിൽ ചോദ്യംചെയ്യാൻ അനുമതിതേടി സുപ്രീംകോടതിയെ സമീപിച്ച് രാഹുൽ

#ന്യൂസ് ഡെസ്ക്
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറും കമ്മിഷണര്‍മാരും |ഫോട്ടോ:PTI
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറും കമ്മിഷണര്‍മാരും |ഫോട്ടോ:PTI

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷൻ നടപ്പിലാക്കുന്ന എസ്ഐആറുമായി ബന്ധപ്പെട്ട വിവാദത്തിൽ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളും സുപ്രീം കോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നിൽ 48 രേഖാമൂലമുള്ള ചോദ്യങ്ങൾ ഉന്നയിച്ച് കോടതിയിൽ ചോദ്യം ചെയ്യാൻ അനുമതി തേടിയാണ് ഇവർ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്കുമാറിനോടും തിരഞ്ഞെടുപ്പ് കമ്മിഷണർമാരോടും സത്യവാങ്മൂലം സമർപ്പിക്കാൻ ആവശ്യപ്പെടണമെന്നും ഹർജിയിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.

എസ്.ഐ.ആർ. അംഗീകാരം, വോട്ടർമാരെ ഒഴിവാക്കൽ, കമ്മിഷന്റെ ഓൺലൈൻ വോട്ടർ രജിസ്‌ട്രേഷൻ സംവിധാനങ്ങളിൽ വരുത്തിയ മാറ്റങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രത്യേക വിഷയങ്ങളിലാണ് മറുപടി തേടിയിരിക്കുന്നത്.

എസ്ഐആർ നടത്തുന്നതുമായി ബന്ധപ്പെട്ട് വോട്ടർമാരെ ഒഴിവാക്കലും ക്രമക്കേടുകളും ആരോപിച്ചുള്ള മുൻ ഹർജിക്ക് മറുപടിയായി തിരഞ്ഞെടുപ്പ് കമ്മിഷൻ വസ്തുതകളും അനുബന്ധ രേഖകളും ഹാജരാക്കുന്നതിന് പകരം വെറും അവകാശവാദങ്ങൾ മാത്രമാണ് ഉന്നയിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.

എസ്.ഐ.ആർ, ECINET, ഫോം 6 എന്നിവയുമായി ബന്ധപ്പെട്ട് മറ്റ് കമ്മിഷണർമാർ വിയോജിപ്പുകളോ എതിർപ്പുകളോ രേഖപ്പെടുത്തിയിട്ടുണ്ടോ എന്നറിയുക. വോട്ടർ പട്ടിക ഡാറ്റാബേസിൽ സ്വകാര്യ വ്യക്തികൾക്കോ കമ്പനികൾക്കോ പ്രവേശനാനുമതി ഉണ്ടായിരുന്നോ, വോട്ടർമാരെ കൂട്ടത്തോടെ ഒഴിവാക്കിയത് എങ്ങനെയെന്ന് വ്യക്തമാക്കുക.

ഓൺലൈൻ ഫോം 6-ൽ പുതിയ പ്രഖ്യാപനം ഉൾപ്പെടുത്താൻ അനുമതി നൽകിയത് ആരെന്ന് വ്യക്തമാക്കുക. ഡ്രാഫ്റ്റിൽ നിന്നും അന്തിമ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ സംസ്ഥാന തിരിച്ചുള്ള ഡാറ്റ നൽകുക തുടങ്ങിയവയാണ് പ്രധാന ചോദ്യങ്ങൾ.

രാഹുൽ ഗാന്ധിക്ക് പുറമേ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, തൃണമൂൽ കോൺഗ്രസ് നേതാവ് സൗഗത റോയ്, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, സുപ്രിയ സുലെ തുടങ്ങിയ പത്തോളം പ്രതിപക്ഷ നേതാക്കൾ ചേർന്നാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

Content Highlights: Opposition leaders including Rahul Gandhi approach the Supreme Court over the Election Commission's SIR., A petition has been filed seeking permission to question the EC with 48 written questions., Concerns raised regarding voter deletions, online registration changes, and data privacy.