‘ഓപ്പറേഷൻ ടൈഗർ’; ശിവസേന(യുബിടി) വിമത എംപിമാർ സ്പീക്കറുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്ത്

#ന്യൂസ് ഡെസ്ക്
ഉദ്ധവ് താക്കറേ ( ഫോട്ടോ-പിടിഐ), വിമത എംപിമാർ സ്പീക്കർ ഒാം ബിർളയെ കണ്ട ശേഷം പകർത്തിയ ചിത്രങ്ങളിലൊന്ന് (ഫോട്ടോ കടപ്പാട്- www.ndtv.com)
ഉദ്ധവ് താക്കറേ ( ഫോട്ടോ-പിടിഐ), വിമത എംപിമാർ സ്പീക്കർ ഒാം ബിർളയെ കണ്ട ശേഷം പകർത്തിയ ചിത്രങ്ങളിലൊന്ന് (ഫോട്ടോ കടപ്പാട്- www.ndtv.com)

മുംബൈ: ഉദ്ധവ് താക്കറേയുടെ ശിവസേന (യുബിടി) വിട്ട് ഏക്‌നാഥ് ഷിന്ദേ പക്ഷത്തേക്ക് നീങ്ങിയ എംപിമാർ ലോക്‌സഭാ സ്പീക്കർ ഓം ബിർളയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്ത്. ആറ് എംപിമാർ കൂടുമാറി ആഴ്ചകൾക്കുശേഷമാണ് കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പുറത്തെത്തിയിരിക്കുന്നത്.

ഉദ്ധവ് പക്ഷത്തെ എംപിമാരെ ഷിന്ദേ പക്ഷത്ത് എത്തിച്ച നീക്കം ‘ഓപ്പറേഷൻ ടൈഗർ’ എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഓംരാജെ നിംബാൽകർ, സഞ്ജയ് ദീന പാട്ടീൽ, സഞ്ജയ് ജാധവ്, സഞ്ജയ് ദേശ്മുഖ്, നാഗേഷ് പാട്ടീൽ, ഭാവുസാഹേബ് വാക്ചൗരേ എന്നിവരാണ് ഷിന്ദേപക്ഷത്തെത്തിയ ശിവസേന (യുബിടി) എംപിമാർ.

ജൂൺ 17-ാം തീയതിയാണ് ശിവസേന (യുബിടി)യിലെ ആറ് വിമത എംപിമാർ ഓംബിർളയെ അദ്ദേഹത്തിന്റെ ഡൽഹിയിലെ വസതിയിലെത്തി കണ്ടതും പ്രത്യേക വിഭാഗമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയതും. ഏക്‌നാഥ് ഷിന്ദേയുടെ മകനും എംപിയുമായ ശ്രീകാന്ത് ഷിന്ദേയ്ക്കും മഹാരാഷ്ട്ര മന്ത്രി പ്രതാപ് സർനായിക്കിനുമൊപ്പമായിരുന്നു വിമത എംപിമാർ സ്പീക്കറെ കാണാനെത്തിയത്. ശിവസേന (യുബിടി)യെ കോൺഗ്രസുമായി ലയിപ്പിക്കാൻ ഉദ്ധവിന് പദ്ധതിയുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു വിമതരുടെ നീക്കം. ആ പദ്ധതി തങ്ങൾക്ക് അംഗീകരിക്കാനാവില്ലെന്നും വിമതർ വ്യക്തമാക്കിയിരുന്നു. കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ലെന്നും അവർ കൂട്ടിച്ചേർത്തിരുന്നു.

ജൂൺ 17-ന് രാവിലെ ഓംരാജെ ഡൽഹിയിലെത്തുകയും ആറരയോടെ ഓം ബിർളയെ കണ്ട് കത്ത് കൈമാറുകയും ചെയ്തുവെന്നാണ് വിവരം. സഞ്ജയ് പാട്ടീൽ, സഞ്ജയ് ജാധവ്, നാഗേഷ്, ഭാവുസാഹേബ് എന്നീ മറ്റ് അഞ്ച് എംപിമാർ ഡൽഹിയിലെ സ്വകാര്യ ഹോട്ടലിൽ രാവിലെ ഏഴരയോടെ എത്തി. ശ്രീകാന്ത് ഷിന്ദേയും പ്രതാപ് സർനായിക്കും ഇതേ സമയത്ത് എത്തി. ഇവർ ഒൻപതരയോടെ ബിർളയെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടു. കത്ത് കൈമാറിയ ഇവർ, ഒരുമിച്ച് സ്പീക്കറുടെ വസതിയിലെ ഉദ്യാനത്തിൽനിന്ന് ഫോട്ടോ പകർത്തുകയും ചെയ്തു. ഇവയാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്.

Content Highlights: Details on the 'Operation Tiger' political maneuver within Shiv Sena., Six UBT faction MPs met Lok Sabha Speaker Om Birla on June 17., Rebels cited concerns over a potential merger with Congress as their primary motive., The meeting was facilitated by Shrikant Shinde and Pratap Sarnaik.