ലോക്സഭയിൽ ഭൂരിപക്ഷം ഉറപ്പിക്കാൻ ബിജെപിയുടെ ഒളിപ്പോര്; ഭരണപ്പാർട്ടിയുടെ പുതിയ ‘ഇര’കളാരൊക്കെ?

നരേന്ദ്ര മോദി,അമിത് ഷാ | Photo: PTI
നരേന്ദ്ര മോദി,അമിത് ഷാ | Photo: PTI

ന്യൂഡൽഹി : പാർലമെന്റിൽ നിർണായകബില്ലുകൾ പാസാക്കാനായി ഭൂരിപക്ഷം ഉറപ്പിക്കാൻ പ്രതിപക്ഷനിരയെ പിളർത്താനുള്ള ഒളിപ്പോര് ഭരണപക്ഷം തുടരുന്നു. തൃണമൂൽ കോൺഗ്രസിനു പിന്നാലെ മഹാരാഷ്ട്രയിലെ ഉദ്ധവ് വിഭാഗം ശിവസേന(യു.ബി.ടി)യാണ് ഭരണപ്പാർട്ടിയുടെ പുതിയ ‘ഇര’. ഉത്തർപ്രദേശിലെ മുഖ്യ പ്രതിപക്ഷമായ സമാജ് വാദി പാർട്ടിയിലേക്കും ബി.ജെ.പി. വലയെറിഞ്ഞിട്ടുണ്ടെന്നാണു സൂചന.

28 തൃണമൂൽ എം.പി.മാരിൽ ഇരുപതോളംപേർ നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയുമായി (എൻ.സി.പി.ഐ.) ലയിക്കുകയാണെന്നും അംഗീകരിക്കണമെന്നും കാട്ടി ലോക്‌സഭാ സ്പീക്കർക്ക്‌ അപേക്ഷ നൽകിയിട്ടുണ്ട്. പിന്നാലെയാണ് ഉദ്ധവിന്റെ ഒമ്പത് ലോക്‌സഭാംഗങ്ങളിൽ ആറു പേരെ അടർത്തി എൻ.ഡി.എയുടെ സഖ്യകക്ഷിയായ ശിവസേനയുടെ ഷിന്ദേ വിഭാഗത്തിൽ ചേർക്കാൻ നീക്കം നടക്കുന്നത്. ‘ ഓപ്പറേഷൻ ടൈഗർ ‘ എന്ന പേരിലാണിത്.

പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച ആറുപേരും ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തുനൽകി. വെള്ളിയാഴ്ച ഇവർ ഷിന്ദേ വിഭാഗത്തിൽ ചേരും. സഞ്ജയ് ദിന പാട്ടീൽ, സഞ്ജയ് ജാദവ്, സഞ്ജയ് ദേശ്മുഖ്, നാഗേഷ് പാട്ടീൽ അഷ്ടികാർ, ഭൗസാഹെബ് വക്ചൗരെ, രാജെ നിംബാൽക്കർ എന്നിവരാണ്‌ ഷിന്ദേ പക്ഷത്തേക്ക്‌ നീങ്ങുന്നത്‌. ഷിന്ദേ വിഭാഗത്തിന്‌ ഇതോടെ ലോക്‌സഭയിൽ 13 എം.പി.മാരായി. അതിനിടെ പിളർപ്പ് ഉറപ്പായിരിക്കെ ഡൽഹിയിലെ പ്രധാന യോഗത്തിൽ പങ്കെടുക്കാൻ ഉദ്ധവ് താക്കറെ ക്യാമ്പ് വിപ്പ് പുറപ്പെടുവിച്ചു. വ്യാഴാഴ്ച രാവിലെ 11-ന് ഡൽഹിയിൽ നടക്കുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കാനാണ്‌ നിർദേശം.

വിമത എം.പി.മാരെ പ്രത്യേക ഗ്രൂപ്പായി പരിഗണിക്കരുത്, അവർ മറ്റൊരു രാഷ്ട്രീയ പാർട്ടിയുമായി നടത്തുന്ന ലയനത്തെ അംഗീകരിക്കരുത് തുടങ്ങിയ ആവശ്യങ്ങൾ പാർട്ടി നേതൃത്വം സ്പീക്കറോട് ഉന്നയിച്ചു.

"അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷനിരയെ ഭയപ്പെടുത്തി ഒപ്പംചേർക്കുന്ന ചരിത്രം ബി.ജെ.പി.ക്കുണ്ട്‌"

-അഖിലേഷ് യാദവ്,
സമാജ്‌വാദി പാർട്ടിയധ്യക്ഷൻ

സമാജ് വാദി പാർട്ടിയിലും ഭീഷണി

ഉത്തർപ്രദേശിലെ സമാജ് വാദി പാർട്ടിയിലേക്കും ബി.ജെ.പി കണ്ണെറിഞ്ഞതായി അഭ്യൂഹമുയർന്നു. ഉത്തർ പ്രദേശ് മന്ത്രിയും സുഹേൽ ദേവ് ഭാരതീയ സമാജ് പാർട്ടി യുടെ അധ്യക്ഷനുമായ ഓം പ്രകാശ് രാജ്ഭറാണ് സൂചന നൽകിയത്. ഒട്ടേറെ എസ്.പി. നേതാക്കൾ ബി.ജെ.പിയിൽ ചേരാൻ തയ്യാറെടുക്കുകയാണെന്നും ഓം പ്രകാശ് അവകാശപ്പെട്ടു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും സമാന അവകാശവാദം ഉന്നയിച്ചു. എസ്.പി. നേതാവ് രാം ഗോപാൽ യാദവ് ആഭ്യന്തരമ ന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകിയിട്ടുണ്ടെന്നും ഓം പ്രകാശ് അവകാശപ്പെട്ടു. എന്നാൽ, ആർക്കും കത്തു നൽകിയിട്ടില്ലെന്ന് രാം ഗോപാൽ പ്രതികരിച്ചു. എസ്.പി.ക്ക് ലോക്സഭ യിൽ 37 അംഗങ്ങളും രാജ്യസഭയിൽ എട്ട് അംഗങ്ങളുമുണ്ട്.

പോകുന്നവർക്ക് പോകാം- ഉദ്ധവ്

: ഓപ്പേറഷൻ ടൈഗറിലൂടെ ശിവസേന (യു.ബി.ടി.) വിഭാഗത്തെ ബി.ജെ.പി. ലക്ഷ്യമിട്ടിരിക്കേ, പാർട്ടിയിൽ തുടരാൻ ആരെയും നിർബന്ധിക്കില്ലെന്നും പോകാൻ ആഗ്രഹിക്കുന്നവർക്ക് അതാകാമെന്നും അധ്യക്ഷൻ ഉദ്ധവ് താക്കറെ മുംബൈയിൽ പറഞ്ഞു.

ശിവസേന (യു.ബി.ടി.) വിഭാഗത്തിന് ലോക്‌സഭയിൽ ഒൻപത് അംഗങ്ങളും രാജ്യസഭയിൽ ഒരു അംഗവുമാണുള്ളത്. ഇതിൽ മുതിർന്ന നേതാക്കളായ അരവിന്ദ് സാവന്ത്, അനിൽ ദേശായി, രാജബാഹു വാസെ എന്നിവർ ഒഴികെയുള്ള ലോക്‌സഭാംഗങ്ങളാണ് എൻ.ഡി.എ.യിലേക്ക് ചേക്കേറുന്നത്.വിമത എം.പി.മാരെ അംഗീകരിക്കരുതെന്നഭ്യർഥിച്ച് രാജ്യസഭാംഗവും ശിവസേന (യു.ബി.ടി.) തലവൻ ഉദ്ധവ് താക്കറെയുടെ വിശ്വസ്തനുമായ സഞ്ജയ് റൗത്ത് ബുധനാഴ്ച ലോക്‌സഭാ സ്പീക്കറെ കണ്ടിരുന്നു. എന്നാൽ, ഇത് ഫലംകാണാനിടയില്ല.

എം.പി.മാർക്ക് കൂറുമാറാൻ 50 കോടി വാഗ്ദാനമെന്ന് സഞ്ജയ് റാവുത്ത്

: ശിവസേന(യു.ബി.ടി.)യിൽ പിളർപ്പ് ഉണ്ടാക്കാൻ ചില എം.പി.മാർക്ക് 50 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നു പാർട്ടി നേതാവ് സഞ്ജയ് റാവുത്ത് ന്യൂഡൽഹിയിൽ പത്രസമ്മേളനത്തിൽ ആരോപിച്ചു. വിമതരെ രാജിവെക്കാൻ അദ്ദേഹം വെല്ലുവിളിച്ചു.

സ്പീക്കറുടെ തീരുമാനം പ്രധാനം

: ഭരണഘടനയുടെ പത്താം പട്ടികയിലെ കൂറുമാറ്റ നിരോധനനിയമത്തിൽ വ്യക്തികൾ എന്നല്ല രാഷ്ട്രീയപ്പാർട്ടി എന്നാണ് പറഞ്ഞിരിക്കുന്നത്. കൂറുമാറ്റംസംബന്ധിച്ച് സ്പീക്കറുടെ തീരുമാനമാണ് പ്രധാനം.

-പി. ശ്രീധരൻ,
ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ

കൂടുതൽ ശക്തമായ നിയമം വേണം

: സാമാജികരുടെ കൂറുമാറ്റം വ്യാപകമായപ്പോൾ അതിന് പരിഹാരമായാണ് ഭരണഘടനയുടെ പത്താം പട്ടികയിലൂടെ കൂറുമാറ്റ നിരോധനനിയമം കൊണ്ടുവന്നത്. എന്നാൽ, അതിനും പരിമിതികളുണ്ടെന്ന് വ്യക്തമായ സ്ഥിതിക്ക് കൂടുതൽ ശക്തമായ നിയമങ്ങളുണ്ടാകണം. ഭരണഘടനാക്കോടതികൾ ഈ വിഷയത്തിൽ കർശനവും വ്യക്തതയുള്ളതുമായ മാർഗരേഖയുണ്ടാക്കണം.

-പി.വി. ദിനേശ്,
സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ

Content Highlights: Ruling party initiates 'Operation Tiger' to secure parliamentary majority., Six Shiv Sena (UBT) MPs set to join the Shinde faction., Allegations of 50 crore rupee bribes to defecting MPs., Potential infiltration attempts into the Samajwadi Party., Legal debate on the limitations of the 10th Schedule anti-defection law.