മത്സരരംഗത്ത് നാല് പേര്‍, നാഗാലാന്‍ഡ് നിയമസഭയില്‍ ഇത്തവണയെങ്കിലും ഒരു വനിത എത്തുമോ?

പ്രതീകാത്മകചിത്രം | Photo: PTI
പ്രതീകാത്മകചിത്രം | Photo: PTI

കൊഹിമ: വോട്ടര്‍മാരില്‍ പകുതിയോളം സ്ത്രീകളുള്ള നാഗാലാന്‍ഡില്‍ 184 സ്ഥാനാര്‍ഥികളില്‍ മത്സരരംഗത്തുള്ളത് ആകെ നാല് വനിതാ സ്ഥാനാര്‍ഥികള്‍ മാത്രം. 1963 ലില്‍ സംസ്ഥാനം രൂപീകരിച്ചതില്‍ പിന്നെ ഒരു വനിതാ എം.എല്‍.എ പോലും സംസ്ഥാനത്തുണ്ടായിട്ടില്ല. 

നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രൊഗ്രസ്സിവ് പാര്‍ട്ടി ( എന്‍.ഡി.പി.പി.)  സ്ഥാനാര്‍ഥികളായ ഹെക്കാനി ജെക്കാലു, സര്‍ഹൗത്യൂനോ ക്രൂസെ, കോണ്‍ഗ്രസിന്റെ റോസി തോംസണ്‍, ബിജെപിയുടെ കഹുലി സേമാ എന്നിവരാണ് നിലവില്‍ മത്സരിക്കുന്ന വനിതാ സ്ഥാനാര്‍ഥികള്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നാല് പേരില്‍ ആരെങ്കിലും ജയിച്ചാല്‍ തന്നെ അത് ചരിത്രമാകും.

സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് മത്സരിക്കാന്‍ അവസരം ലഭിക്കാന്‍ ഏറെ പ്രയാസമാണ്. 2017-ല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ 33 ശതമാനം വനിതാ സംവരണം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കിലും അനിയന്ത്രിതമായ പ്രതിഷേധങ്ങളായിരുന്നു ഫലം. രണ്ട് മരണങ്ങള്‍ പോലും പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടായി. എന്നാല്‍ സംവരണവുമായി മുന്നോട്ട് പോകുമെന്ന നിലപാട് 2022-ല്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 

തിരഞ്ഞെടുപ്പുകളില്‍ വനിതാ സ്ഥാനാര്‍ഥികളെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നാഗാ മദേഴ്‌സ് അസോസിയേഷന്‍( എന്‍.എം.എ) രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. 
 

Content Highlights: Only four women candidates in fray in Nagaland