ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ ചൊവ്വാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും

പ്രതീകാത്മക ചിത്രം| ഫോട്ടോ: എ.പി
പ്രതീകാത്മക ചിത്രം| ഫോട്ടോ: എ.പി

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ ചൊവ്വാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഒരേ ദിവസം ബില്ല് അവതരിപ്പിക്കുമെന്നാണ് സൂചന. ചൊവ്വാഴ്ചത്തെ ധനാഭ്യര്‍ഥന ചര്‍ച്ചകള്‍ക്ക് ശേഷം ബില്‍ അവതരിപ്പിക്കാനാണ് സാധ്യത കൂടുതല്‍.      

ഒറ്റതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് ബില്ലുകളാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരിക. ഭരണഘടനാ ഭേദഗതി ബില്ലും കേന്ദ്രഭരണപ്രദേശങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു ബില്ലുമാകും ഇരുസഭകളിലും അവതരിപ്പിക്കുക. ചൊവ്വാഴ്ചയോ അല്ലെങ്കില്‍ ഈ ആഴ്ചയിലെ സഭാ സമ്മേളനങ്ങളിലേതിലെങ്കിലുമോ ഇരുബില്ലുകളും സഭയിലെത്തും. തിങ്കളാഴ്ച ബില്ലുകള്‍ അവതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ തിങ്കളാഴ്ചത്തെ സഭാനടപടികളെപ്പറ്റിയുള്ള ലിസ്റ്റില്‍ ഈ ബില്ലുകള്‍ ഇടംപിടിച്ചിട്ടില്ല. 

കേന്ദ്രസര്‍ക്കാരിന് എപ്പോള്‍ വേണമെങ്കിലും അവസാന നിമിഷം സഭയില്‍ അവതരിപ്പിക്കാനാകും. ഇതിന് സ്പീക്കറിന്റെ അനുമതി മാത്രം മതിയാകും. ഡിസംബര്‍ 20 നാണ് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം അവസാനിക്കുക. അതിനുമുമ്പ് ബില്ല് അവതരിപ്പിക്കുമെന്നുറപ്പാണ്. ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട 129-ാം ഭരണഘടനാ ഭേദഗതി ബില്ലാണ് വരുന്നത്. 

ഒരുരാജ്യം ഒരു തിരഞ്ഞെടുപ്പ് എങ്ങനെയാണ് നടപ്പിലാക്കുക എന്നതിന്റെ നടപടിക്രമങ്ങള്‍ നേരത്തെ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്നു. ബില്ലിനെതിരെ രൂക്ഷമായ പ്രതിഷേധമുണ്ടാകാനാണ് സാധ്യത.
 

Content Highlights: One Nation One Election Bill To Be Tabled In Lok Sabha On Tuesday: Report