ജമ്മു കശ്മീരിൽ ബിജെപി-ഒമർ അബ്ദുള്ള പോര്: കുതിരക്കച്ചവട ആരോപണത്തിൽ തെളിവ് നൽകാൻ വെല്ലുവിളിച്ച് ബിജെപി

ശ്രീനഗർ: ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് (എൻസി) എംഎൽഎമാരെ ബിജെപി വിലയ്‌ക്കെടുക്കാൻ ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ ആരോപണത്തിൽ പ്രതികരണവുമായി ബിജെപി. തങ്ങളുടെ എംഎൽഎമാർക്ക് ബിജെപി 20 മുതൽ 30 കോടി രൂപവരെ വാഗ്ദാനംചെയ്തുവെന്ന ഒമർ അബ്ദുള്ളയുടെ ആരോപണങ്ങൾ അങ്ങേയറ്റം നിരുത്തരവാദപരവും അടിസ്ഥാനരഹിതവുമാണെന്ന് ബിജെപി ദേശീയ വക്താവ് സുധാംശു ത്രിവേദി പറഞ്ഞു. ഇതിന് ഒമർ അബ്ദുള്ള തെളിവ് ഹാജരാക്കണമെന്നും അതിന് സാധിച്ചില്ലെങ്കിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്നും സുധാംശു ആവശ്യപ്പെട്ടു.
ശ്രീനഗറിലെ ഹസ്രത്ബാലിൽ നടന്ന പാർട്ടി പ്രവർത്തകരുടെ കൺവെൻഷനിലാണ് ഒമർ അബ്ദുള്ള ആരോപണം ഉന്നയിച്ചത്. ജമ്മു മേഖലയിൽനിന്നുള്ള ഒരു എൻസി എംഎൽഎയെ ബിജെപി നേതാവ് മുറിയിലേക്ക് വിളിച്ചുവരുത്തി പാർട്ടി മാറുന്നതിനായി 20 മുതൽ 30 കോടി രൂപയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തുവെന്നായിരുന്നു ഒമർ അബ്ദുള്ളയുടെ പ്രസ്താവന.
കൂടാതെ, പാർട്ടി മാറുകയാണെങ്കിൽ ജമ്മു കശ്മീരിന് സംസ്ഥാനപദവി പുനഃസ്ഥാപിച്ചുനൽകുമെന്ന ഉറപ്പും ബിജെപി നൽകിയതായി അദ്ദേഹം പറഞ്ഞു. തന്റെ പാർട്ടിയുടെ എംഎൽഎമാരാരും 30 കോടിക്കോ 100 കോടിക്കോ വേണ്ടി തങ്ങളുടെ ആത്മാഭിമാനം പണയപ്പെടുത്തില്ലെന്നും പിൻവാതിലിലൂടെ അധികാരം പിടിക്കാൻ ബിജെപിയെ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ, സർക്കാരിന്റെ ഭരണപരമായ വീഴ്ചകളിൽനിന്നും അപ്രാപ്തിയിൽനിന്നും ജനശ്രദ്ധ തിരിക്കാനാണ് ഇത്തരം പുകമറകൾ സൃഷ്ടിക്കുന്നതെന്ന് സുധാംശു ത്രിവേദി പറഞ്ഞു. രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സുധാംശു എൻസി നേതൃത്വത്തോട് ആവശ്യപ്പെട്ടു.
സംഭവം ശ്രദ്ധയിൽപ്പെട്ടെങ്കിൽ ഒമർ അബ്ദുള്ള എന്തുകൊണ്ട് അന്വേഷണ ഏജൻസികൾക്ക് പരാതി നൽകിയില്ലെന്ന് ജമ്മു കശ്മീർ ബിജെപി വക്താവ് ആർ.എസ്. പതാനിയ ചോദിച്ചു. വാഗ്ദാനം ലഭിച്ച എംഎൽഎയുടെ പേരോ കുതിരക്കച്ചവടത്തിന് ശ്രമിച്ച ബിജെപി നേതാവിന്റെ പേരോ വെളിപ്പെടുത്താൻ ഒമർ അബ്ദുള്ള തയ്യാറാകണമെന്നും അല്ലാത്തപക്ഷം മുഖ്യമന്ത്രിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ഒമർ അബ്ദുള്ള വസ്തുതകൾ ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ ഇത്തരം പ്രസ്താവനകൾ നടത്താറുള്ളൂവെന്നും ബിജെപിയുടെ അടിത്തറ തന്നെ നുണകളാണെന്നും ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരി പ്രതികരിച്ചു.
Content Highlights: CM Omar Abdullah alleges BJP offered 20-30 crores and cabinet berths to NC MLAs., BJP dismisses claims as baseless diversion tactics from administrative failures., BJP demands formal proof or a public apology from the Chief Minister., Internal political tension escalates regarding statehood restoration promises., Legal threats issued by BJP against the Chief Minister for defamation.