കൊറോണ കാലത്ത് പണം കണ്ടെത്താന്‍ 30,000 കോടിക്ക് പട്ടേല്‍ പ്രതിമ വില്‍ക്കുന്നു എന്ന് വ്യാജ പരസ്യം

അഹമ്മദാബാദ്: കൊറോണ കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ദാര്‍ പട്ടേല്‍ പ്രതിമ വില്‍ക്കുന്നു എന്ന പരസ്യം നല്‍കിയയാള്‍ക്കെതിരേ പോലീസ് എഫ്‌ഐആര്‍. 2018 ല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പട്ടേല്‍ പ്രതിമയുടെ ഉയരം 182 മീറ്ററാണ്. ലോകത്തിലെ തന്നെ ഉയരമുള്ള പ്രതിമയായാണ് കണക്കാക്കപ്പെടുന്നത്. കൊറോണയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയിൽ പ്രതിമ 30,000കോടിക്ക് വിൽക്കുന്നു എന്ന തരത്തിലാണ് വ്യാജ പരസ്യം നൽകിയത്.

"അജ്ഞാതനായ ഏതോ ഒരാള്‍ ശനിയാഴ്ചയാണ് പ്രതിമ വില്‍ക്കുന്നു എന്ന തരത്തില്‍ ഒഎല്‍എക്‌സില്‍ പരസ്യം  കൊടുത്തത്. രാജ്യത്ത് കൊറോണ പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ആശുപത്രികളുണ്ടാക്കാനും മറ്റുമുള്ള സൗകര്യങ്ങള്‍ പ്രതിമ 30,000 കോടി രൂപക്ക് വില്‍ക്കുന്നതിലൂടെ കണ്ടെത്താനാകുമെന്ന് പറഞ്ഞാണ് വില്‍പനയ്ക്ക് വെച്ചത്", പോലീസ് പറയുന്നു.

പത്ര വാര്‍ത്തയെ തുടര്‍ന്നാണ് പട്ടേല്‍ പ്രതിമ അധികൃതര്‍ ഇക്കാര്യം അറിയുന്നത്. തുടര്‍ന്ന് പോലീസിനെ സമീപിക്കുകയായിരുന്നു. വഞ്ചനയ്ക്കും കൃത്രിമം കാണിച്ചതിനും കേസെടുത്തിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പിടി ചൗധരി അറിയിച്ചു.

വെബ്‌സൈറ്റില്‍ നിന്ന് പരസ്യം പിന്നീട് നീക്കം ചെയ്തു. 

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വസ്തു വില്‍ക്കാന്‍ പറ്റില്ലെന്നിരിക്കെ ഒഎല്‍എക്‌സില്‍ ഇത്തരത്തില്‍ പരസ്യം നല്‍കിയത് സര്‍ക്കാരിനെ അപമാനിക്കാനാണെന്ന് സ്മാരകവുമായി ബന്ധപ്പെട്ട അധികാരികള്‍ പറഞ്ഞു. സര്‍ദാര്‍ പട്ടേലിനെ നെഞ്ചേറ്റുന്ന കോടിക്കണക്കിനാളുകളുടെ വികാരത്തെ ഇത്തരം പരസ്യങ്ങള്‍ വ്രണപ്പെടുത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

content highlights: OlX Ad Seeks 30,000 Crores For Statue Of Unity To Fight against Corona

Content Highlights: