ദേശവിരുദ്ധർക്കെതിരെ സർക്കാർ സ്‌പൈവെയർ ഉപയോഗിക്കുന്നതിൽ തെറ്റില്ല; പെഗാസസ് കേസില്‍ സുപ്രീം കോടതി

പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

ന്യൂഡല്‍ഹി: ദേശീയ സുരക്ഷയുടെ ഭാഗമായി ഒരു രാജ്യം സ്‌പൈവെയര്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് സുപ്രീംകോടതി. സ്‌പൈവെയര്‍ ആര്‍ക്കെതിരെയാണ് ഉപയോഗിക്കുന്നത് എന്നതിലാണ് യഥാര്‍ത്ഥ ആശങ്ക നിലനില്‍ക്കുന്നതെന്നും പെഗാസസ് കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ചൊവ്വാഴ്ച സുപ്രീംകോടതി നിരീക്ഷിച്ചു.

ജസ്റ്റിസുമാരായ സൂര്യകാന്ത്, എന്‍.കോടീശ്വര്‍ സിങ് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇസ്രയേലി സ്പൈവെയറായ പെഗാസസ് ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരെ നിരീക്ഷണം നടത്തുന്നുവെന്ന് ആരോപിച്ചുള്ള കേസാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

ചില ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ദിനേഷ് ദ്വിവേദി കേന്ദ്ര സര്‍ക്കാരിന്റെ പക്കല്‍ പെഗാസസ് ചാര  സോഫ്റ്റ്‌വെയര്‍ ഉണ്ടോ എന്നും അത് ഉപയോഗിച്ചിരുന്നോ എന്നതുമാണ് കേസിലെ അടിസ്ഥാനപരമായ വിഷയമെന്ന് പറഞ്ഞു. ഈ ഘട്ടത്തിലാണ് കോടതി ഇടപെട്ടത്.

രാജ്യം സ്‌പൈവെയര്‍ ഉപയോഗിക്കുന്നതില്‍ എന്താണ് തെറ്റ്. ഒരു സ്‌പൈവെയര്‍ ഉണ്ടായിരിക്കുന്നതില്‍ തെറ്റൊന്നുമില്ല. അത് ആര്‍ക്കെതിരെയാണ് ഉപയോഗിക്കുന്നത് എന്നതാണ് ചോദ്യം. രാജ്യത്തിന്റെ സുരക്ഷയില്‍ നമുക്ക് വിട്ടുവീഴ്ച ചെയ്യാനാകില്ല', ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

ഭീകരവാദികള്‍ക്ക് സ്വകാര്യതാ അവകാശങ്ങള്‍ ഉന്നയിക്കാനാവില്ലെന്ന് ഇതിനിടെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പരാമര്‍ശം നടത്തി. സ്വകാര്യതയ്ക്ക് അവകാശമുള്ള ഒരു സാധാരണ പൗരന്‍ ഭരണഘടന പ്രകാരം സംരക്ഷിക്കപ്പെടുമെന്നും ജസ്റ്റിസ് സൂര്യകാന്ത് ഇതിന് മറുപടി നല്‍കി.

Content Highlights: Nothing Wrong In Country Using Spyware For Security; Question Is Against Whom It's Used-sc