അഞ്ചുമാസം മുമ്പ് മോദി ഉദ്ഘാടനം ചെയ്ത വിമാനത്താവളത്തിൽ വെള്ളക്കെട്ട്; ബോട്ട് ഓടുമോ എന്ന് പരിഹാസം

ലഖ്നൗ: കനത്ത മഴയെത്തുടർന്ന് നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിന് പിന്നാലെ യോഗി ആദിത്യനാഥ് സർക്കാരിനെ പരിഹസിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. വിമാനത്താവളത്തിൽ കൂടി ബോട്ടുകളും ഓടുമോ എന്നായിരുന്നു അഖിലേഷ് യാദവിന്റെ പരിഹാസം. ബിജെപി സർക്കാർ ഉള്ളിടത്തെല്ലാം വൻ അഴിമതിയാണെന്നും അഖിലേഷ് എക്സിൽ കുറിച്ചു.
വിമാനത്താവളത്തിനുള്ളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിന്റെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വെള്ളം പുറത്തേക്ക് ഒഴുക്കിവിടാൻ ശ്രമിക്കുന്ന വിമാനത്താവള ജീവനക്കാരേയും ദൃശ്യങ്ങളിൽ കാണാം. വെള്ളം അരമണിക്കൂറിനകം തന്നെ പുറത്തേക്ക് ഒഴുക്കിക്കളഞ്ഞുവെന്ന് വിമാനത്താവളാധികൃതർ അറിയിച്ചു.
വളരെ ചെറിയ സമയത്തിനുള്ളിൽ വൻതോതിൽ മഴ പെയ്തതാണ് വിമാനത്താവളത്തിനകത്തും പാർക്കിങ് ഏരിയയിലും വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. വെള്ളക്കെട്ട് രൂപപ്പെട്ടതിനെത്തുടർത്ത് ഗതാഗതം വഴിതിരിച്ചുവിട്ടിരുന്നു. പ്രവർത്തനങ്ങളെ ഇത് കൂടുതലായി ബാധിച്ചിട്ടില്ലെന്നും വിമാന സർവീസുകൾ തടസ്സപ്പെട്ടിട്ടില്ലെന്നും അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
അഞ്ച് മാസങ്ങൾക്ക് മുമ്പാണ് വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. ചൊവ്വാഴ്ച നോയിഡയിലുണ്ടായ കനത്ത മഴയിൽ വിമാനത്താവളത്തിനുള്ളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതേത്തുടർന്ന് വിമാനത്താവളത്തിലെ ഡ്രെയിനേജ് സംവിധാനത്തിനെതിരേ വ്യാപക വിമർശനങ്ങളും ഉയർന്നിരുന്നു.
11200 കോടി മുടക്കിയാണ് വിമാനത്താവളത്തിന്റെ ആദ്യഘട്ടം പൂർത്തീകരിച്ചത്. അത്യാധുനിക ടെർമിനൻ, റൺവേ മറ്റു അടിസ്ഥാന സൗകര്യങ്ങളടക്കം വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു.
Content Highlights: Heavy rain causes severe waterlogging inside Noida International Airport and parking areas., Samajwadi Party leader Akhilesh Yadav mocks the BJP government over the incident., Airport authorities claim water was cleared within 30 minutes and operations remained uninterrupted., The airport's first phase was inaugurated by PM Narendra Modi five months ago at a cost of 11,200 crore.