അപ്രതീക്ഷിതം, പേര് നിര്‍ദേശിച്ചത് മോദി; നിതിന്‍ നബീന്‍, ബിജെപിയുടെ യുവമുഖം

ന്യൂഡല്‍ഹി: ഏതാണ്ട് രണ്ടുപതിറ്റാണ്ടായി എംഎല്‍എയും അഞ്ചുവര്‍ഷമായി മന്ത്രിയുമായിരിക്കുമ്പോഴും ജനങ്ങളോട് എളിമയോടെ പെരുമാറുന്ന യുവ നേതാവ് -അപ്രതീക്ഷിതനീക്കത്തിലൂടെ ബിജെപിയുടെ ദേശീയ വര്‍ക്കിങ് പ്രസിഡന്റായി നിയമിക്കപ്പെട്ട ബിഹാറിലെ മന്ത്രി നിതിന്‍ നബീനെ ഇങ്ങനെ വിശേഷിപ്പിക്കാം. നിയമത്തിനുപുറമേ റോഡുനിര്‍മാണം, ഭവനം, നഗരവികസനം എന്നീ വകുപ്പുകളും കൈകാര്യം ചെയ്തതിനാല്‍ ബിഹാറിലെ വികസനത്തിന്റെ മുഖമായാണ് ബിജെപി കേന്ദ്രനേതൃത്വം നിതിന്‍ നബീനെ കാണുന്നത്.
ആര്‍എസ്എസില്‍ 10 വര്‍ഷം പ്രവര്‍ത്തിച്ചശേഷമാണ് നിതിന്‍ ബിജെപിയിലെത്തുന്നത്. ഡല്‍ഹിയില്‍നിന്ന് പന്ത്രണ്ടാംക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്കാണ് നിതിന്‍ ഇറങ്ങിയത്. ബിജെപി നേതാവും എംഎല്‍എയുമായിരുന്ന പിതാവ് നബീന്‍ കിഷോര്‍ പ്രസാദ് സിന്‍ഹയുടെ മരണത്തെത്തുടര്‍ന്ന് രാഷ്ട്രീയത്തില്‍ സജീവമായി. 2006-ല്‍ ആദ്യമായി നിയമസഭയിലെത്തി. അന്നുമുതല്‍ എഎല്‍എയും 2021 മുതല്‍ മന്ത്രിയുമാണ്.
പേര് നിര്‍ദേശിച്ചത് മോദി
നിതിന്‍ നബീനെ വര്‍ക്കിങ് പ്രസിഡന്റാക്കാനുള്ള നീക്കത്തിനുപിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ താത്പര്യമെന്ന് സൂചനയുണ്ട്. അധ്യക്ഷസ്ഥാനത്തേക്ക് കേന്ദ്രമന്ത്രിമാരുടെ ഉള്‍പ്പെടെ ഒട്ടേറെപ്പേരുകള്‍ ചര്‍ച്ചചെയ്‌തെങ്കിലും അതിലൊന്നും നബീന്റെ പേരില്ലായിരുന്നു.കഴിഞ്ഞ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പു ചര്‍ച്ചകളിലും നിതിന്‍ പാര്‍ട്ടിയില്‍ ശ്രദ്ധാകേന്ദ്രമായിരുന്നില്ല. പാര്‍ലമെന്ററി ബോര്‍ഡ് നടപടിക്രമങ്ങള്‍ പാലിച്ചാണ് തീരുമാനമെങ്കിലും ബിജെപിയിലെ അധികാരഘടന മോദിയുടെയും അമിത് ഷായുടെയും സമ്പൂര്‍ണ നിയന്ത്രണത്തിലായതിന്റെ പ്രതിഫലനമാണ് ഈ നീക്കം. നിലവില്‍ വര്‍ക്കിങ് പ്രസിഡന്റാണെങ്കിലും അധ്യക്ഷസ്ഥാനത്ത് അദ്ദേഹം വരാനുള്ള സാധ്യതയുമുണ്ട്.
പുതിയ ബിജെപി അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ മോദിയും ആര്‍എസ്എസ് നേതൃത്വവും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനിന്നിരുന്നു. ഇത് തിരഞ്ഞെടുപ്പ് വൈകാനും കാരണമായി.
Content Highlights: Bihar minister Nitin Nabin, known for his humility and development work, appointed BJP`s National Working President. A key move by BJP leadership. Learn more!