രാജ്യത്ത് റോഡ് അപകടങ്ങൾ വർധിച്ചു, അന്താരാഷ്ട്ര സമ്മേളനങ്ങളിൽ മുഖം മറയ്ക്കേണ്ട അവസ്ഥ - നിതിൻ ഗഡ്കരി

ന്യൂഡൽഹി: രാജ്യത്ത് റോഡ് അപകടങ്ങൾ വർധിച്ചതായും ജനങ്ങളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വരേണ്ടതുണ്ടെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. റോഡ് അപകടങ്ങളെക്കുറിച്ച് ചർച്ച നടക്കുന്ന അന്താരാഷ്ട്ര സമ്മേളനങ്ങളിൽ പങ്കെടുക്കാൻ പോകുമ്പോൾ, താൻ മുഖം മറയ്ക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. ചോദ്യോത്തര വേളയിൽ അനുബന്ധ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
മന്ത്രിയായി അധികാരമേൽക്കുമ്പോൾ റോഡകടങ്ങൾ 50 ശതമാനമായി കുറക്കണമെന്ന് തീരുമാനമെടുത്തിരുന്നു. എന്നാൽ അപകടങ്ങളുടെ എണ്ണം കുറയുന്നതിനു പകരം വർധിക്കുകയാണ് ചെയ്തതെന്ന് സമ്മതിക്കാൻ തനിക്ക് മടിയില്ല. രാജ്യത്ത് പ്രതിവർഷം 1.78 ലക്ഷം പേർ റോഡപകടങ്ങളിൽ മരിക്കുന്നു. ഇതിൽ 60% പേരും 18-34 വയസ്സിനിടയിലുള്ളവരാണെന്നും ഗഡ്കരി പറഞ്ഞു.
റോഡ് അപകടങ്ങൾ കുറയുന്നതിനും കാര്യങ്ങൾ മെച്ചപ്പെടേണ്ടതിനും ഇന്ത്യയിൽ ജനങ്ങളുടെ സ്വഭാവം മാറേണ്ടതുണ്ട്. സമൂഹം മാറേണ്ടതുണ്ടെന്നും നിയമവാഴ്ചയെ മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
റോഡരികിലെ ട്രക്ക് പാർക്കിങ്ങാണ് അപകടങ്ങൾക്ക് പ്രധാന കാരണമെന്നും പല ട്രക്കുകളും ലെയ്ൻ അച്ചടക്കം പാലിക്കുന്നില്ലെന്നും ഗഡ്കരി പറഞ്ഞു. ഇന്ത്യയിൽ ബസ് ബോഡികൾ നിർമ്മിക്കുന്നതിൽ അന്താരാഷ്ട്ര നിലവാരം പാലിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: Nitin Gadkari in loksabha speaks on road accidents in India