'3F' സൂത്രവാക്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം; വിലക്കയറ്റത്തിൽ മുന്നറിയിപ്പുമായി നിർമല സീതാരാമൻ

മുംബൈ: ആഗോള വിപണിയിൽ തുടരുന്ന അസ്ഥിരത കാരണം രാജ്യം വിലക്കയറ്റ ഭീഷണി നേരിടുന്നതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇതിൻ്റെ പശ്ചാത്തലത്തിൽ ഇന്ധനം (Fuel), വളം (Fertiliser), വിദേശനാണ്യ ശേഖരം (Forex) എന്നീ '3F'-ൽ ജനങ്ങൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് ധനമന്ത്രി അഭ്യർഥിച്ചു. മുംബൈയിൽ സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 37-ാം വാർഷികാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ഇറാൻ-അമേരിക്ക സംഘർഷം ആഗോള വിപണിയെ പിടിച്ചുലച്ചിരിക്കുകയാണ്. വളം വിലയും ഇന്ധനവിലയും അനിയന്ത്രിതമായി വർധിക്കുകയാണ്. കഴിഞ്ഞ 11 ദിവസത്തിനിടെ പെട്രോൾ വില ലിറ്ററിന് 7.38 രൂപയാണ് വർധിച്ചത്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ വിദേശനാണ്യ ശേഖരം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഈ സാഹചര്യത്തിൽ അനാവശ്യ ഇറക്കുമതി ഒഴിവാക്കാനും വിദേശ യാത്രകൾ മാറ്റിവെക്കാനും സ്വർണം വാങ്ങൽ ഒരു വർഷത്തേക്ക് ഒഴിവാക്കാനുമുള്ള പ്രധാനമന്ത്രിയുടെ നിർദേശം ജനങ്ങൾ പാലിക്കണമെന്ന് ധനമന്ത്രി അഭ്യർഥിച്ചു.
പശ്ചിമേഷ്യൻ പ്രതിസന്ധി വെറുമൊരു നയതന്ത്ര പ്രശ്നം മാത്രമല്ലെന്നും അത് ഇന്ത്യയിലെ ബിസിനസ്സുകളെയും സാധാരണക്കാരെയും നേരിട്ട് ബാധിക്കുന്നുണ്ടെന്നും നിർമല സീതാരാമൻ പറഞ്ഞു. ഇന്ധനവില വർധനയുടെ ആഘാതത്തിൽനിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാൻ എക്സൈസ് ഡ്യൂട്ടി കുറച്ചതിലൂടെ കേന്ദ്ര സർക്കാരിന് ഒരു ലക്ഷം കോടി രൂപയിലധികം വരുമാന നഷ്ടം സംഭവിച്ചതായി മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, സമ്പദ്‌വ്യവസ്ഥ തകരുന്നു എന്ന തരത്തിലുള്ള വാർത്തകൾ മന്ത്രി തള്ളി. ഇന്ത്യയുടെ ആഭ്യന്തര സാമ്പത്തിക സ്ഥിതി ഇപ്പോഴും ശക്തമാണെന്നും ജിഎസ്ടി പിരിവ് വർധിക്കുന്നതും ആഭ്യന്തര ഡിമാൻഡ് നിലനിൽക്കുന്നതും ഇതിന് തെളിവാണെന്നും അവർ പറഞ്ഞു. അതോടൊപ്പം, ചെറുകിട-ഇടത്തരം (MSME) മേഖലയിലെ 8.1 ലക്ഷം കോടി രൂപയുടെ കുടിശ്ശിക പ്രവർത്തന മൂലധനത്തെ ബാധിക്കുന്നുണ്ടെന്നും 45 ദിവസത്തിനുള്ളിൽ ഇത്തരം കുടിശ്ശികകൾ തീർക്കാൻ പൊതുമേഖലാ സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Content Highlights: Government focus on 3F: Fuel, Fertiliser, and Forex., Impact of Iran-US conflict on global crude oil and shipping costs., Strategic call to reduce non-essential imports and gold consumption., Strong domestic demand and GST growth signify economic resilience., Directive to clear 8.1 lakh crore MSME dues within 45 days.