ഉത്തരകാശി പാഠമായി; രാജ്യത്ത് നിര്‍മാണത്തിലിരിക്കുന്ന എല്ലാതുരങ്കങ്ങളിലും സുരക്ഷാ പരിശോധന

ന്യൂഡല്‍ഹി: രാജ്യത്ത് നിര്‍മാണത്തിലിരിക്കുന്ന എല്ലാ തുരങ്കങ്ങളിലും സുരക്ഷാ പരിശോധന നടത്താന്‍ തീരുമാനിച്ച് ദേശീയപാതാ അതോറിറ്റി (എന്‍.എച്ച്.എ.ഐ). ഉത്തരകാശിയിലെ സില്‍കാരയില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തിനകത്ത് തൊഴിലാളികള്‍ കുടുങ്ങിപ്പോയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
രാജ്യത്തുടനീളം 29 തുരങ്കങ്ങളാണ് നിര്‍മാണത്തിലിരിക്കുന്നത്. ഉന്നത നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പുവരുത്താനാണ് സുരക്ഷാപരിശോധന നടത്തുന്നത്. എന്‍.എച്ച്.എ.ഐ. അധികൃതരും ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍ (ഡി.എം.ആര്‍.സി) നിന്നുള്ള വിദഗ്ധരും സംയുക്തമായാണ് നിര്‍മാണത്തിലിരിക്കുന്ന തുരങ്കങ്ങളില്‍ സുരക്ഷാപരിശോധന നടത്തുകയെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രാലയം അറിയിച്ചു.
ഇതിന് പുറമെ എന്‍.എച്ച്.എ.ഐ. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി (കെ.ആര്‍.സി.എല്‍) ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. ഇത് പ്രകാരം എന്‍.എച്ച്.എ.ഐക്ക് കീഴിലുള്ള നിര്‍മാണത്തിലിരിക്കുന്ന തുരങ്കങ്ങളുടെ ഡിസൈന്‍, ഡ്രോയിങ്, സുരക്ഷയുടെ വിവിധ വശങ്ങള്‍ എന്നീ കാര്യങ്ങള്‍ കെ.ആര്‍.സി.എല്‍. പുനഃപരിശോധിക്കും.
നിര്‍മാണത്തിലിരിക്കുന്ന 29 തുരങ്കങ്ങളില്‍ 12 എണ്ണം ഹിമാചല്‍പ്രദേശിലാണ്. ആറെണ്ണം ജമ്മു കശ്മീരിലും രണ്ടെണ്ണം വീതം മഹാരാഷ്ട്രയിലും ഒഡിഷയിലും രാജസ്ഥാനിലും സ്ഥിതി ചെയ്യുന്നു. മധ്യപ്രദേശ്, കര്‍ണ്ണാടക, ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ഓരോ തുരങ്കം വീതമാണുള്ളത്.
Content Highlights: NHAI to undertake safety audit of all 29 under-construction tunnels in India.