അടുത്ത പ്രതിപക്ഷ യോഗം ജൂലായ് 17,18 തീയതികളില്‍ ബെംഗളൂരുവില്‍

പട്‌നയില്‍ നടന്ന പ്രതിപക്ഷ യോഗത്തില്‍ നിന്നുള്ള ദൃശ്യം |ഫോട്ടോ:PTI
പട്‌നയില്‍ നടന്ന പ്രതിപക്ഷ യോഗത്തില്‍ നിന്നുള്ള ദൃശ്യം |ഫോട്ടോ:PTI

ന്യൂഡല്‍ഹി: 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷ ഐക്യം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത യോഗം ബെംഗളൂരുവില്‍ നടക്കും.  ഈ മാസം 17,18 തിയതികളിലാണ് യോഗമെന്ന് കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.

കഴിഞ്ഞ മാസം 23-ന്  പട്‌നയിലായിരുന്നു ആദ്യ യോഗം നടന്നത്. അടുത്ത യോഗം ഷിംലയില്‍ ജൂലായ് 10,12 തിയതികളിലായി നടക്കുമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മലിക്കാര്‍ജുന്‍ ഖാര്‍ഗെ ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ഹിമാചല്‍ പ്രദേശില്‍ കനത്ത മഴ കാരണം യോഗം ബെംഗളൂരുവിലേക്ക് മാറ്റിയെന്ന് പിന്നീട് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ അറിയിച്ചിരുന്നു.

ജൂലായ് 13,14 തിയതികളിലായിട്ടായിരുന്നു ബെംഗളൂരുവിലെ യോഗം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇത് പിന്നീട് 17,18 ലേക്ക് നീട്ടിവെക്കുകയായിരുന്നു. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനവും ബിഹാര്‍, കര്‍ണാടക നിയമസഭാ സമ്മേളനവും നടക്കുന്നതിനാലാണ് ബെംഗളൂരുവിലെ യോഗം നീട്ടിവെച്ചതെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കുന്ന വിശദീകരണം.

'ഫാസിസ്റ്റ്, ജനാധിപത്യവിരുദ്ധ ശക്തികളെ പരാജയപ്പെടുത്താനും രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനുള്ള ധീരമായ കാഴ്ചപ്പാട് അവതരിപ്പിക്കാനുമുള്ള ദൃഢനിശ്ചയത്തില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു', ബെംഗളൂരുവിലെ പ്രതിപക്ഷ യോഗത്തെ കുറിച്ച് കെ.സി.വേണുഗോപാല്‍ പ്രതികരിച്ചു.

ഇതിനിടെ ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യത്തിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതിനിടെയാണ് തിരിച്ചടിയായി മഹാരാഷ്ട്രയിലെ എന്‍.സി.പി. പിളര്‍പ്പുണ്ടായിരിക്കുന്നത്. പട്‌ന യോഗത്തില്‍ എന്‍സിപിയെ പ്രതിനിധീകരിച്ച് ശരത് പവാറിനൊപ്പം പങ്കെടുത്ത പ്രഫുല്‍ പട്ടേല്‍ ബിജെപി ക്യാമ്പിലെത്തിയിരിക്കുന്നു എന്നതാണ് ശ്രദ്ധേയം.

Content Highlights: Next Opposition Meeting Scheduled For Bengaluru Postponed To July 17-18