നേതാജിയുടെ ആശയങ്ങള്‍ക്ക് പിന്തുണയില്ല; BJPയില്‍നിന്ന് രാജിവച്ച് സുഭാഷ് ചന്ദ്ര ബോസിന്റെ അടുത്തബന്ധു

ന്യൂഡൽഹി: നേതാജി സുബാഷ് ചന്ദ്രബോസിന്റെ അടുത്ത ബന്ധു ചന്ദ്രകുമാർ ബോസ് ബിജെപിയില്‍നിന്ന് രാജിവച്ചു. നേതാജിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തിന്റെയും പശ്ചിമ ബംഗാൾ നേതൃത്വത്തിന്റെയും പിന്തുണയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള എല്ലാ പിന്തുണയുമുണ്ടാകുമെന്ന് പാർട്ടി വാഗ്ദാനം ചെയ്തിരുന്നതായി ബിജെപി അധ്യക്ഷൻ ജെപി നദ്ദയ്ക്കയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കി. എന്നാൽ അത്തരത്തിൽ ഒരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.
പാർട്ടിയുമായുള്ള തന്റെ ചർച്ചകൾ ബോസ് സഹോദരന്മാരുടെ എല്ലാവരെയും ഉൾക്കൊള്ളുന്ന പ്രത്യയശാസ്ത്രത്തെ കേന്ദ്രീകരിച്ചായിരുന്നു. ഇതേ പ്രത്യശാസ്ത്രം പ്രചരിപ്പിക്കാൻ പാർട്ടി തനിക്ക് അവസരമൊരുക്കുമെന്നായിരുന്നു ധാരണ. എന്നാൽ അത് ഉണ്ടായില്ല, ചന്ദ്രകുമാർ ബോസ് കത്തിൽ പറയുന്നു.
മതവും ജാതിയും കണക്കിലെടുക്കാതെ എല്ലാവരെയും ഭാരതീയരെന്ന നിലയിൽ ഒന്നിപ്പിക്കാനുള്ള നേതാജിയുടെ ആശയം പ്രോത്സാഹിപ്പിക്കുന്നതിനായി ബി.ജെ.പിക്കുള്ളിൽ ആസാദ് ഹിന്ദ് മോർച്ച രൂപവത്കരിക്കാന്‍ താൻ തീരുമാനിച്ചിരുന്നു. രാജ്യത്തെ ഒരുമയോടെ നിലനിർത്താൻ ഇത് അനിവാര്യമായിരുന്നു. എന്നാൽ ഇത്തരം ശ്രമങ്ങൾക്കൊന്നും പാർട്ടിയിൽ നിന്നും പിന്തുണ ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2016-ൽ ബംഗാൾ ബിജെപി വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്ത ബോസിനെ 2020-ലെ പുനഃസംഘടനയിൽ ആ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.
Content Highlights: Netaji Subhas Bose's grandnephew quits BJP, cites lack of support