പ്രധാന്റെ രാജിയില്ല,നീറ്റ് ഇരകൾക്ക് നഷ്ടപരിഹാരം നൽകി തണുപ്പിക്കാനൊരുങ്ങി സർക്കാർ, ചർച്ചയ്ക്ക് തയ്യാർ

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധം ശക്തമായി തുടരുകയാണെങ്കിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കാനിടയില്ലെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ.
ചോദ്യപേപ്പർ ചോർച്ചയിൽ മന്ത്രിക്കു വ്യക്തിപരമായ പങ്കില്ലെന്നും അതിനാൽ അദ്ദേഹത്തെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നുമാണ് സർക്കാരിന്റെ വാദം.
അതേസമയം നീറ്റ് വിവാദത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്ത് നിലവിലെ പ്രതിഷേധം തണുപ്പിക്കാനുള്ള ശ്രമങ്ങൾ കേന്ദ്രം നടത്തിവരുന്നുണ്ടെന്നാണ് വിവരം. ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരുന്നു. ചോദ്യപേപ്പർ ചോർച്ചയിൽ ശിക്ഷ ഉറപ്പാക്കാൻ അതിവേഗ നടപടികൾക്കും സർക്കാർ നീക്കം ആരംഭിച്ചിട്ടുണ്ട്.
പേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലും കണിശമായും ശിക്ഷ ഉറപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഇത് സംബന്ധിച്ച് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്കും ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു. കോക്രോച്ച് പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ സമരത്തിന് വലിയ ജനപിന്തുണ ലഭിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞാണ് സർക്കാരിന്റെ നീക്കങ്ങൾ. പ്രതിഷേധത്തിന് ശേഷം പ്രധാനമന്ത്രിയുടെ ആദ്യ പരസ്യ പ്രതികരണമായിരുന്നു ഇത്.
എന്നാൽ മന്ത്രിയുടെ രാജിയിലുറച്ച് നിൽക്കുകയാണ് പ്രതിഷേധക്കാർ. ധർമേന്ദ്ര പ്രധാൻ രാജിവെക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ചൂണ്ടിക്കാട്ടുന്ന സർക്കാർ വൃത്തങ്ങൾ, നീറ്റ് പുനഃപരീക്ഷ അദ്ദേഹം വിജയകരമായി നടത്തിയെന്നും അവകാശപ്പെടുന്നുണ്ട്.
ഇതിനിടെ മന്ത്രിയുടെ രാജിയാവശ്യപ്പെട്ട പാർലമെന്റിൽ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. എന്നാൽ ചർച്ചകൾക്ക് സർക്കാർ തയ്യാറാണെന്ന് ആവർത്തിച്ച കേന്ദ്ര മന്ത്രി കിരൺ റിജിജു ഉപാധികൾ മുന്നോട്ട് വെക്കരുതെന്നും ആവശ്യപ്പെട്ടു. വ്യവസ്ഥകളോടെ ചർച്ച ചെയ്യാനാകില്ലെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു.
'എൻഡിഎ ഘടകക്ഷികളടക്കം എല്ലാ പാർട്ടികളും നീറ്റ് ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷനുമായും മറ്റു പ്രതിപക്ഷ നേതാക്കളുമായും ഇന്നലെ ചർച്ച നടത്തിയിരുന്നു. ഇന്ന് ചർച്ച നടക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ കോൺഗ്രസ് പാർട്ടി ഒരു നിബന്ധന വെച്ചു. ചർച്ച എങ്ങനെ, എത്രത്തോളം സമയം നടത്തണമെന്ന് തീരുമാനിക്കാമെന്നും എന്നാൽ നിബന്ധനകൾ വെക്കരുതെന്നും ഞങ്ങൾ അഭ്യർത്ഥിച്ചു. നിബന്ധനകൾ വെക്കാനുള്ള നിങ്ങളുടെ ഉദ്ദേശ്യം ശരിയല്ല, കാരണം നിങ്ങൾ ചർച്ച തടയാൻ ശ്രമിക്കുകയാണ്. നീറ്റ് പരീക്ഷ ഇരുസഭകളിലും പൂർണ്ണമായി, രാഷ്ട്രീയവൽക്കരണമില്ലാതെ ചർച്ച ചെയ്യണമെന്ന് ഞങ്ങൾ വീണ്ടും അഭ്യർത്ഥിക്കുന്നു. ഇന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരു വളരെ ശക്തമായ നടപടി സ്വീകരിച്ച് രാജ്യത്തെ അറിയിച്ചത്, രാജ്യത്ത് ഏതെങ്കിലും സംഭവം നടന്നാൽ എത്രയും പെട്ടെന്ന് ഏറ്റവും കഠിനമായ ശിക്ഷ നൽകുന്നതിനായി ജുഡീഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കണമെന്നാണ്. സർക്കാർ ഇങ്ങനെയൊരു നല്ല തീരുമാനം എടുത്തിട്ടുണ്ട്. എന്റെ അഭ്യർത്ഥന ഇതാണ്, നിങ്ങൾ യാതൊരു നിബന്ധനകളും വെക്കരുത്...' കിരൺ റിജിജു പറഞ്ഞു.
Content Highlights: Government confirms no resignation for Education Minister Dharmendra Pradhan., PM Narendra Modi announces fast-track courts for paper leak culprits., Government considering compensation for families of students who died by suicide., Kiren Rijiju urges opposition to discuss NEET without preconditions in Parliament., Government maintains that the re-examination was conducted successfully.