4.5 ലക്ഷത്തിന് 'ഡോക്ടർ' വഴി നീറ്റ് ചോദ്യപേപ്പർ നൽകാമെന്ന് വാഗ്ദാനം; പുണെയിലെ ചായക്കട ഉടമക്കെതിരെ സിബിഐ കുറ്റപത്രം

പുണെ: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചക്കേസിൽ പ്രതിയായ ശേഷ്റാവു ബജ്രങ് സൂര്യവംശിക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. പുണെയിലെ 'മാലക് ചാ' എന്ന ചായക്കടയുടെ ഉടമയാണ് ഇയാൾ. കോച്ചിങ് സെന്ററിന് മുന്നിലുള്ള തന്റെ ചായക്കടയിലിരുന്ന് പരീക്ഷയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച വിദ്യാർഥികൾക്ക് ചോദ്യപേപ്പർ നൽകാം എന്ന് ഇയാൾ വാഗ്ദാനം ചെയ്യുകയായിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ, നാലര ലക്ഷം രൂപ നൽകിയാൽ ഒരു 'ഡോക്ടർ' സുഹൃത്ത് വഴി ചോദ്യപേപ്പർ സംഘടിപ്പിച്ചു നൽകാം എന്ന് പറഞ്ഞാണ് സൂര്യവംശി വിദ്യാർഥികളെ സമീപിച്ചത്. തുടർന്ന് ഏപ്രിൽ 28-ന് പത്ത് വിദ്യാർഥികളെ നാസിക്കിലെ പഞ്ചക് ഗ്രാമത്തിലുള്ള ഒരു വീട്ടിലെത്തിച്ച് ചോദ്യപേപ്പറുകൾ നൽകി. പണം നൽകുമെന്ന ഉറപ്പിനായി വിദ്യാർഥികളുടെ യഥാർഥ സർട്ടിഫിക്കറ്റുകളും വിദ്യാഭ്യാസ രേഖകളും ഇയാൾ വാങ്ങിവെച്ചിരുന്നു. മേയ് മൂന്നിന് നടന്ന പരീക്ഷയ്ക്ക് മുന്നോടിയായി മൂന്ന്-നാല് ദിവസം വിദ്യാർഥികൾ ചോദ്യങ്ങൾ ഈ വീട്ടിലിരുന്ന് പഠിക്കുകയും മേയ് രണ്ടിന് ചോദ്യപേപ്പറുകൾ തിരികെ നൽകി മടങ്ങുകയും ചെയ്തു.
പരീക്ഷയ്ക്ക് ശേഷം ഒരു വിദ്യാർഥിയിൽനിന്ന് മൂന്ന് ലക്ഷം രൂപ ചായക്കടയിൽ വെച്ച് സൂര്യവംശി കൈപ്പറ്റി. ഇതിനായി വിദ്യാർഥിയുടെ അമ്മ 35.8 ഗ്രാം സ്വർണാഭരണങ്ങൾ പണയം വെച്ചാണ് പണം സംഘടിപ്പിച്ചത്. അന്വേഷണത്തിനിടെ സൂര്യവംശിയുടെ ഫോൺ പരിശോധിച്ച സിബിഐ, ഏപ്രിൽ 30-ന് ചോദ്യപേപ്പറിന്റെ പകർപ്പുകളുമായി നിൽക്കുന്ന ഒരു പെൺകുട്ടിയുടെ ഫോട്ടോ കണ്ടെത്തിയിരുന്നു. സെപ്റ്റംബർ രണ്ടിന് സിബിഐ അറസ്റ്റ് ചെയ്ത സൂര്യവംശി നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസിൽ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത പതിനാലാമത്തെ പ്രതിയാണ് ഇയാൾ.
നാസിക്കിൽ അറസ്റ്റിലായ കരിയർ കൗൺസിലർ ശുഭം ഖൈർനാർ, നന്ദേഡിൽ എഡ്യൂക്കേഷണൽ കൺസൾട്ടൻസി നടത്തുന്ന നാഗേഷ് നാനാമറാവു ധാന്ദേ എന്നിവരുമായി ചേർന്നാണ് സൂര്യവംശി തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് കുറ്റപത്രത്തിലുള്ളത്. 2018 മുതൽ ഖൈർനാറും ധാന്ദേയും തമ്മിൽ പരിചയമുണ്ടായിരുന്നു. 2026-ലെ നീറ്റ് പരീക്ഷയ്ക്ക് മുൻപ് തന്റെ പക്കൽ നീറ്റ് പരീക്ഷയുടെ 'ഗസ് പേപ്പർ' ഉണ്ടെന്ന് ഖൈർനാർ ധാന്ദേയോട് പറയുകയും ബയോളജി, കെമിസ്ട്രി വിഷയങ്ങളിലെ 550-ലധികം ചോദ്യങ്ങൾ അടങ്ങിയ പിഡിഎഫ് ഫയലുകൾ ധാന്ദേയ്ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഫോട്ടോകോപ്പി കടയിൽനിന്ന് ഇയാൾ എട്ട് സെറ്റ് പ്രിന്റൗട്ടുകൾ എടുത്തിരുന്നു. തുടർന്ന് സ്വയം 'ഡോക്ടർ' എന്ന് പരിചയപ്പെടുത്തി ധാന്ദേ സൂര്യവംശിക്കും വിദ്യാർഥികൾക്കും ചോദ്യപേപ്പർ കൈമാറുകയായിരുന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ.
Content Highlights: CBI filed a chargesheet against Pune tea stall owner Sheshrao Bajrang Suryavanshi in the NEET-UG paper leak case., The accused offered leaked question papers to anxious students for 4.5 lakh rupees., Original educational certificates were taken as collateral, and students were taken to Nashik to read the leaked papers., Suryavanshi was arrested on September 2 and is currently in judicial custody.