പവാർ പക്ഷം എൻഡിഎയ്ക്കൊപ്പം? മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണച്ചേക്കുമെന്ന് സൂചന

#ന്യൂസ് ഡെസ്ക്
ശരത് പവാർ |ഫോട്ടോ: ANI/ Nitin Lawate
ശരത് പവാർ |ഫോട്ടോ: ANI/ Nitin Lawate

മുംബൈ: കേന്ദ്ര സർക്കാർ പാർലമെൻ്റിൽ അവതരിപ്പിക്കാനിരിക്കുന്ന മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാൻ ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗം തയ്യാറായേക്കുമെന്ന് സൂചന. എല്ലാ സംസ്ഥാനങ്ങളിലും ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ 50 ശതമാനം വർധനവ് ഒരുപോലെ ഉറപ്പാക്കുകയാണെങ്കിൽ ബില്ലിനെ പിന്തുണയ്ക്കാനാണ് ശരദ് പവാർ വിഭാഗത്തിൻ്റെ നീക്കം.

ബില്ലിൻ്റെ അന്തിമരൂപം കണ്ടശേഷം മാത്രമേ ഔദ്യോഗിക തീരുമാനം എടുക്കൂ എന്ന് എൻസിപി എംപി സുപ്രിയ സുലെ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങൾക്കും തുല്യമായ രീതിയിൽ 50 ശതമാനം സീറ്റ് വർധനവ് നൽകുകയും ഒരു സംസ്ഥാനത്തിനും ദോഷകരമാവാത്ത രീതിയിൽ ഇത് നടപ്പിലാക്കുകയും ചെയ്താൽ പിന്തുണയ്ക്കുമെന്നാണ് പാർട്ടിയുടെ നിലപാട്.

എന്നാൽ, ഇത്തരമൊരു നീക്കം നിലവിലെ പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ വീഴ്ത്താനും സാധ്യതയുണ്ട്. ജനസംഖ്യ നിയന്ത്രിച്ച സംസ്ഥാനങ്ങൾക്ക് മണ്ഡല പുനർനിർണയം ദോഷകരമാകുമെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം പവാർ പക്ഷത്തോടും ഡിഎംകെയോടും ബില്ലിനെ പിന്തുണയ്ക്കരുതെന്ന് അഭ്യർഥിച്ചിട്ടുണ്ട്.

അതേസമയം, എൻസിപിയുടെ ഇരുവിഭാഗങ്ങളിലെയും മുതിർന്ന നേതാക്കൾ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി കഴിഞ്ഞ ദിവസങ്ങളിൽ രഹസ്യ കൂടിക്കാഴ്ചകൾ നടത്തിയത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ജൂലൈ 20-ന് ആരംഭിക്കുന്ന പാർലമെൻ്റിൻ്റെ വർഷകാല സമ്മേളനത്തിൽ സർക്കാർ ഈ ബിൽ വീണ്ടും അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.

Content Highlights: Sharad Pawar faction considers supporting the Delimitation Bill if 50% seat increase is uniform., Supriya Sule confirms final stance depends on the bill's final draft., Concerns raised by Congress regarding impact on states with controlled population growth., Speculation follows secret meetings between NCP leaders and Devendra Fadnavis., The bill is expected to be tabled in the July 2026 Monsoon Session.