സ്‌കൂള്‍ ഓഫ് ഡ്രാമ ഡയറക്ടര്‍ നിയമനം: തുളസീധര കുറുപ്പിനെ തഴഞ്ഞ തീരുമാനം ഡല്‍ഹി ഹൈക്കോടതി ശരിവച്ചു

ന്യൂഡല്‍ഹി: നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ഡയറക്ടറായി പ്രമുഖ നാടകരചയിതാവ് ഡോ. ജെ. തുളസീധര കുറുപ്പിനെ നിയമിക്കാനുള്ള ശുപാര്‍ശ തള്ളിയ കേന്ദ്രത്തിന്റെ തീരുമാനം ഡല്‍ഹി ഹൈക്കോടതി ശരിവച്ചു. കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന്റെ തീരുമാനം ചോദ്യംചെയ്ത് തുളസീധര കുറുപ്പ് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ചന്ദ്ര ധാരി സിങ് തള്ളി.
എല്ലാ ഘടകങ്ങളും വസ്തുതകളും പരിശോധിച്ച ശേഷമാണ് കേന്ദ്ര മന്ത്രിസഭയുടെ നിയമനകാര്യ സമിതി തുളസീധര കുറുപ്പിന്റെ ഹര്‍ജി തള്ളിയതെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ നോട്ടുകള്‍ ഉള്‍പ്പടെ പരിഗണിച്ച ശേഷമാണ് കേന്ദ്രത്തിന്റെ തീരുമാനമെന്നും ഹൈക്കോടതി വ്യക്തമാക്കി.
2018-ല്‍ ഡയറക്ടര്‍ നിയമനത്തിനായി നടത്തിയ ഇന്റര്‍വ്യൂവില്‍ ഒന്നാം സ്ഥാനം ലഭിച്ചത് തുളസീധര കുറുപ്പിനാണ്. എന്നാല്‍, നിയമനം നല്‍കിയില്ല. ഇത് ചോദ്യംചെയ്ത് കുറുപ്പ് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ 2020-ല്‍ പുതിയ ഡയറക്ടറെ തിരെഞ്ഞെടുക്കാന്‍ സ്‌കൂള്‍ ഓഫ് ഡ്രാമ പുതിയ അപേക്ഷ ക്ഷണിച്ചിരുന്നു. പുതിയ വിജ്ഞാപന പ്രകാരം ഇന്റര്‍വ്യൂ നടത്താമെങ്കിലും തുളസീധര കുറുപ്പ് നല്‍കിയ ഹര്‍ജിയില്‍ അന്തിമ വിധി വരുന്നതുവരെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കരുതെന്ന് 2021 -ല്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഇതിന് ശേഷം തുളസീധര കുറുപ്പിനെ നിയമിക്കണമെന്ന ശുപാര്‍ശ പരിഗണിക്കാന്‍ 2021 നവംബര്‍ 16-ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് തുളസീധര കുറുപ്പിനെ നിയമിക്കണമെന്ന ശുപാര്‍ശ 2022 ജനുവരി 29-ന് പരിഗണിച്ച് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം തള്ളിയിരുന്നു. ഇതിനെതിരെ തുളസീധര കുറുപ്പ് നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് ചന്ദ്ര ധാരി സിങ് തള്ളിയത്.
Content Highlights: national school of drama director appointment