2024-25 സാമ്പത്തികവർഷം ദേശീയപാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 161 ശതമാനം വർധന; 6074 കോടി നേടി ബിജെപി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | Photo: Mathrubhumi
പ്രതീകാത്മകചിത്രം | Photo: Mathrubhumi

ന്യൂഡൽഹി: 2024-25 സാമ്പത്തികവർഷം ദേശീയപാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ വൻവർധന. മുൻവർഷത്തെ അപേക്ഷിച്ച് 161 ശതമാനം വർധനയുണ്ട്‌.

കേന്ദ്രഭരണകക്ഷിയായ ബി.ജെ.പി.യാണ് സിംഹഭാഗവും സ്വന്തമാക്കിയത്. മറ്റ് അഞ്ച് ദേശീയപാർട്ടികൾക്ക് ആകെ ലഭിച്ച തുകയെക്കാൾ പത്തിരട്ടിയിലധികം തുകയാണ് ബി.ജെ.പി.യുടെ അക്കൗണ്ടിലെത്തിയത്. അസോസിയേഷൻ ഫോർ ഡെമക്രാറ്റിക് റിഫോംസാണ് (എ.ഡി.ആർ.) കണക്ക് പുറത്തുവിട്ടത്.

ബി.ജെ.പി.ക്ക് ലഭിച്ച കോർപ്പറേറ്റ് വിഹിതം മാത്രം 5,717.167 കോടി രൂപയാണ്. പ്രുഡന്റ് ഇലക്ടറൽ ട്രസ്റ്റാണ് ഏറ്റവും വലിയ ദാതാവ്. അവർ നൽകിയ 2413.465 കോടി രൂപയിൽ 2180 കോടിയും ബി.ജെ.പി.ക്കാണ് ലഭിച്ചത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ 100 കോടിരൂപയും സംഭാവന നൽകി.

  • ആകെ പാർട്ടികൾക്ക് ലഭിച്ചത്: 6,648.563 കോടി രൂപ
  • ബി.ജെ.പി.- 6,074.015 കോടി (കഴിഞ്ഞ വർഷത്തെക്കാൾ 171 ശതമാനം വർധന)
  • കോൺഗ്രസ്- 517.394 കോടി (84 ശതമാനം വർധന).
  • ആം ആദ്മി പാർട്ടി-27.044 കോടി

Content Highlights: National parties saw a 161% increase in total contributions for 2024-25., BJP received 6,074.015 crore, significantly higher than all other national parties combined., Prudent Electoral Trust emerged as the largest donor, contributing 2,180 crore to BJP., Congress and AAP also reported growth in their funding compared to the previous year., Data sourced from the Association for Democratic Reforms (ADR).