‘നിയമ നടപടികളുടെ ദുരുപയോഗം’; നാഷണൽ ഹെറാൾഡ് കേസിൽ ഇഡിക്കെതിരേ സോണിയയും രാഹുലും

#ബി. ബാലഗോപാല്‍/ മാതൃഭൂമി ന്യൂസ്‌
രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും | Photo: ANI
രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും | Photo: ANI

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകിയ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) നടപടിയെ വിമർശിച്ച് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും. നിയമനടപടികളുടെ ദുരുപയോഗമാണ് ഇ.ഡിയുടെ ഹർജി. അതിനാൽ ഹർജി തള്ളണമെന്ന് സോണിയയും രാഹുലും ഡൽഹി ഹൈകോടതിയോട് ആവശ്യപ്പെട്ടു.

നാഷണൽ ഹെറാൾഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കെതിരായ ഇ.ഡിയുടെ കുറ്റപത്രത്തിൽ കേസെടുക്കാൻ വിചാരണ കോടതി വിസമ്മതിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ഇ.ഡി. ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്. കേസിൽ അടിയന്തിരമായി വാദം കേൾക്കണമെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ സോളിസിസ്റ്റർ ജനറൽ തുഷാർ മേത്ത ഡൽഹി ഹൈകോടതിയോട് ആവശ്യപ്പെട്ടു. ഹർജി ഒക്ടോബർ 12-ന് പരിഗണിക്കാനായി ഡൽഹി ഹൈക്കോടതി തീരുമാനിച്ചു.

സുബ്രമണ്യം സ്വാമി മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ സ്വകാര്യ പരാതിയുടെ മാത്രം അടിസ്ഥാനത്തിൽ ഇ.ഡിക്ക് നേരിട്ട് കേസെടുക്കാനാകില്ലെന്നായിരുന്നു ഡൽഹിയിലെ റോസ് അവന്യു കോടതി വിധിച്ചിരുന്നത്. പി.എം.എൽ.എയിലെ പട്ടികയിൽ പരാമർശിച്ചിട്ടുള്ള കുറ്റകൃത്യവുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ. ഇല്ലാത്ത സാഹചര്യത്തിൽ, കള്ളപ്പണം വെളുപ്പിക്കൽ കുറ്റവുമായി ബന്ധപ്പെട്ട നടപടികൾ നിലനിൽക്കുന്നതല്ലന്നും വിചാരണകോടതി വ്യക്തമാക്കിയിരുന്നു.

വിചാരണ കോടതി ഉത്തരവ് തെറ്റാണെന്ന് തുഷാർ മേത്ത ഡൽഹി ഹൈക്കോടതിയിൽ വാദിച്ചു. സ്വകാര്യ വ്യക്തി നൽകുന്ന പരാതിയിൽ ഇ.ഡിക്ക് നടപടി എടുക്കാൻ കഴിയില്ലെന്ന നിലപാട് ഒരു വിഭാഗം കള്ളപ്പണക്കാർക്ക് സഹായകരം ആകുന്നത് ആണെന്നാണ് ഇ.ഡിയുടെ നിലപാട്. എന്നാൽ ഒരു സ്വകാര്യ വ്യക്തി നൽകിയ പരാതിയിൽ കേസ് എടുത്ത് അന്വേഷണം നടത്താൻ ഇ.ഡിക്ക് അധികാരം ഇല്ലെന്ന് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും കോടതിയിൽ വാദിച്ചു.

പി.എം.എൽ.എ നിയമ പ്രകാരം പ്രകാരം ഇ.ഡിക്ക് പ്രവർത്തിക്കാൻ കഴിയുന്നത് രണ്ട് സാഹചര്യങ്ങളിൽ മാത്രമാണ്. ഒന്നുകിൽ പോലീസ് തയ്യാറാക്കുന്ന അന്തിമ റിപ്പോർട്ട് ഉണ്ടായിരിക്കണം അല്ലെങ്കിൽ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ പരാതി ഉണ്ടായിരിക്കണം. എന്നാൽ സുബ്രമണ്യം സ്വാമിയുടെ പരാതിയിൽ ഇവയൊന്നും പാലിക്കുന്നില്ലെന്നാണ് ഗാന്ധി കുടുംബത്തിന്റെ വാദം.

Content Highlights: Sonia and Rahul Gandhi have urged the Delhi High Court to dismiss the Enforcement Directorate's appeal in the National Herald case, denouncing it as a misuse of legal procedures.