സോണിയക്കും രാഹുലിനുമെതിരേ ഗൂഢാലോചനക്കുറ്റം; നാഷണല്‍ ഹെറാള്‍ഡില്‍ പുതിയൊരു കേസുകൂടി

ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും പേരില്‍ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റംചുമത്തി പുതിയ കേസ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) പരാതിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗമാണ് ഇരുവരെയും ഒന്നും രണ്ടും പ്രതികളാക്കി കേസെടുത്തത്.
യങ് ഇന്ത്യ, ഡോട്ടെക്സ് മര്ച്ചെന്റെസ്, അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് (എജെഎല്‍) തുടങ്ങിയ സ്ഥാപനങ്ങള്‍, കോണ്‍ഗ്രസ് നേതാക്കളായ സുമന് ദുബെ, സാം പിത്രോദ, ഡോട്ടെക്സ് പ്രമോട്ടര്‍ സുനില്‍ ഭണ്ഡാരിയടക്കമുള്ളവര് കേസില്‍ പ്രതികളാണ്.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ മാതൃ കമ്പനിയായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ വഞ്ചനാപരമായി കൈവശപ്പെടുത്താന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. നാഷണല്‍ ഹെറാള്‍ഡ് ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി നല്കിയ കുറ്റപത്രം ഫയലില്‍ സ്വീകരിക്കണമോയെന്ന കാര്യത്തില്‍ ഡല്‍ഹി പ്രത്യേകകോടതി ഡിസംബര്‍ 16-ന് വിധിപറയാനിരിക്കേയാണ് പുതിയ നീക്കം.
കേസെടുത്താല്‍ ഒരു ചുക്കുമില്ല
ഇഡിയും സിബിഐയും കോണ്‍ഗ്രസിനെയും പ്രതിപക്ഷത്തെയും ഉന്നമിട്ടാണ് നീങ്ങുന്നത്. പതിനൊന്നരവര്‍ഷമായി ബിജെപി ഭരിക്കുകയല്ലേ, കോണ്‍ഗ്രസിനെതിരേ എന്തെങ്കിലും കിട്ടിയോ? കേസെടുത്താല്‍ ഒരു ചുക്കുമില്ല. മോദിയുടെ മുഖത്തുനോക്കി ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും -കെ.സി. വേണുഗോപാല്‍, എഐസിസി ജനറല്‍ സെക്രട്ടറി
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ സെക്ഷന്‍ 66(2) പ്രകാരം ഏതൊരന്വേഷണ ഏജന്‍സിയോടും ക്രിമിനല്‍ കുറ്റത്തില്‍ കേസെടുക്കാനും അന്വേഷണം നടത്താനും ആവശ്യപ്പെടാന്‍ ഇഡിക്ക് അധികാരമുണ്ട്. ഇതുപ്രകാരമാണ് ഡല്‍ഹി പോലീസ് കേസെടുത്തത്.
Content Highlights: New criminal conspiracy case filed against Sonia and Rahul Gandhi in the National Herald case. Charges related to alleged fraudulent acquisition of Associated Journals Limited.