‘നാഷണൽ ക്രഷ്’; രാഷ്ട്രപതിയുടെ എ.ഡി.സി മേജർ ഋഷഭ് സിങ് സാംബ്യാൽ വിരമിച്ചു

#ന്യൂസ് ഡെസ്ക്
Source: Instagram (major_rs_sambyal)
Source: Instagram (major_rs_sambyal)

ന്യൂഡൽഹി: രാഷ്ട്രപതി വികാരാധീനയായി കണ്ണീരണിഞ്ഞപ്പോൾ തൂവാല നൽകിയ, അവർക്ക് കുടപിടിച്ചുനിന്ന ‘നാഷണൽ ക്രഷ്’ ഇനി രാഷ്ട്രപതിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായി(എ.ഡി.സി.) ഉണ്ടാവില്ല.

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ എ.ഡി.സി.യായി പ്രവർത്തിച്ച് സാമൂഹികമാധ്യമങ്ങളിൽ ശ്രദ്ധേയനായ മേജർ ഋഷഭ് സിങ് സാംബ്യാൽ സൈനികസേവനത്തിൽനിന്ന് വിരമിച്ചു. കുടുംബപരമായ ഉത്തരവാദിത്വങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിരമിക്കൽ. ആകർഷകമായ വ്യക്തിത്വവും രാഷ്ട്രപതിയുടെ ചടങ്ങുകളിലെ സാന്നിധ്യവുംവഴി ശ്രദ്ധേയനായ സാംബ്യാൽ റീലുകളിലൂടെയും വീഡിയോകളിലൂടെയും ജനപ്രീതി നേടിയതോടെയാണ് ‘നാഷണൽ ക്രഷ്’ എന്ന വിശേഷണവുമുണ്ടായത്.

12 വർഷത്തെ സൈനിക സേവനത്തിനുശേഷമാണ് 30-കാരനായ ഋഷഭിന്റെ വിരമിക്കൽ തീരുമാനം. ഓഗസ്റ്റ് 21-ന് രാഷ്ട്രപതിയെ നേരിൽക്കണ്ട് ഋഷഭ് നന്ദിയറിയിച്ചു. ഈ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.

സൈനിക സേവനം അവസാനിപ്പിക്കാനുള്ള തീരുമാനം ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയതായിരുന്നെന്ന് സാംബ്യാൽ ഇൻസ്റ്റഗ്രാം ലൈവിലൂടെ പ്രതികരിച്ചു. താൻ വിവാഹിതനല്ല, ഗേൾ ഫ്രണ്ടുമില്ല, അടുത്തൊന്നും വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ല. ഒരു വിദേശിയെ വിവാഹം കഴിക്കാനാണ് താൻ വിരമിച്ചതെന്ന ഊഹാപോഹം ശരിയല്ലെന്നും സാംബ്യാൽ പറഞ്ഞു.

ജമ്മു-കശ്മീർ സ്വദേശിയായ ഋഷഭ് 2013-ലാണ് നാഷണൽ ഡിഫൻസ് അക്കാദമിയിലെത്തുന്നത്. 2023 മാർച്ചിൽ രാഷ്ട്രപതിയുടെ എ.ഡി.സി.യായി നിയമിതനായി.

Content Highlights: Major Rishabh Singh Sambyal, popular as the President's ADC and 'National Crush', has retired from military service., He retired after 12 years of service, citing family responsibilities., He met President Droupadi Murmu on August 21 to express his gratitude before retiring., He clarified on social media that rumors regarding his marriage or foreign partner are false.