'അച്ഛൻ‍ ജീവിച്ചിരിക്കുമ്പോൾ പിൻഗാമിയെക്കുറിച്ച് സംസാരിക്കില്ല'; മോദിയുടെ വിരമിക്കലിൽ ഫഡ്നവിസ്

സഞ്ജയ് റാവുത്ത്, നരേന്ദ്രമോദി ആര്‍എസ്എസ് ആസ്ഥാനത്ത്, ദേവേന്ദ്ര ഫഡ്‌നവിസ്‌ | Photo: ANI, PTI
സഞ്ജയ് റാവുത്ത്, നരേന്ദ്രമോദി ആര്‍എസ്എസ് ആസ്ഥാനത്ത്, ദേവേന്ദ്ര ഫഡ്‌നവിസ്‌ | Photo: ANI, PTI

മുംബൈ: നാഗ്പുരിലെ ആസ്ഥാനത്തെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ആര്‍എസ്എസ് തലവന്‍ മോഹന്‍ഭാഗവതിനെ കണ്ടത് വിരമിക്കല്‍ അറിയിക്കാനാണെന്ന ശിവസേന (ഉദ്ധവ് താക്കറെ) നേതാവ് സഞ്ജയ് റാവുത്തിന്റെ പരാമര്‍ശത്തെ തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്. അച്ഛന്‍ ജീവിച്ചിരിക്കുമ്പോള്‍ പിന്തുടര്‍ച്ചക്കാരെക്കുറിച്ച് സംസാരിക്കുന്നത് മുഗള്‍ സംസ്‌കാരം ആണെന്നായിരുന്നു ഫഡ്‌നവിസിന്റെ മറുപടി. ഇപ്പോള്‍ അത്തരം ചര്‍ച്ചയുടെ സമയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അദ്ദേഹത്തിന്റെ പിന്‍ഗാമിയെ തിരയേണ്ട ആവശ്യമില്ല. അദ്ദേഹം ഞങ്ങളുടെ നേതാവായി തുടരും. നമ്മുടെ സംസ്‌കാരത്തില്‍ അച്ഛന്‍ ജീവിച്ചിരിക്കുമ്പോള്‍ അനന്തരാവകാശിയെക്കുറിച്ച് ചര്‍ച്ചചെയ്യുന്നത് തെറ്റാണ്. മറ്റേത് മുഗള്‍ പാരമ്പര്യമാണ്. ആ ചര്‍ച്ചയ്ക്ക് സമയമായിട്ടില്ല. 2029-ൽ മോദി വീണ്ടും പ്രധാനമന്ത്രിയാവുന്നത് നാം കാണും', ഫഡ്‌നവിസ് പറഞ്ഞു.

സെപ്റ്റംബറില്‍ 75 വയസ്സ് പൂര്‍ത്തിയാവുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി വിരമിക്കല്‍ ചര്‍ച്ചചെയ്യാനാണ് ആര്‍എസ്എസ് കാര്യാലയത്തില്‍ പോയതെന്നായിരുന്നു സഞ്ജയ് റാവുത്തിന്റെ വാക്കുകള്‍. മോദിയുടെ പിന്‍ഗാമി മഹാരാഷ്ട്രയില്‍നിന്നാവുമെന്നും അത് ആര്‍എസ്എസ് തീരുമാനിക്കുമെന്നും റാവുത്ത് അഭിപ്രായപ്പെട്ടിരുന്നു. 'രാജ്യത്തിന്റെ നേതൃത്വത്തില്‍ മാറ്റംവേണമെന്ന് സംഘപരിവാര്‍ ആഗ്രഹിക്കുന്നു എന്നാണ് ഞാന്‍ മനസിലാക്കുന്നത്. മോദിയുടെ സമയം അവസാനിച്ചിരുന്നു. അവര്‍ക്ക് മാറ്റം വേണം, അടുത്ത ബിജെപി അധ്യക്ഷനെ തീരുമാനിക്കണം', എന്നും റാവുത്ത് കൂട്ടിച്ചേര്‍ത്തു.

Content Highlights: Maharashtra CM Fadnavis dismisses claims that PM Modi met RSS chief to discuss retirement