ധബോല്‍ക്കറുടെ കൊലപാതകം; താനെയില്‍ അരുവിയില്‍ നിന്ന് സിബിഐ തോക്ക് കണ്ടെത്തി

പുണൈ: നരേന്ദ്ര ധബോല്‍ക്കറുടെ കൊലപാതകത്തിന്റെ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്. കേസ് അന്വേഷിക്കുന്ന സിബിഐ ധബോര്‍ക്കറെ കൊല്ലാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന തോക്ക്‌ കണ്ടെത്തി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഒരു അരുവിയില്‍നിന്നാണ് തോക്ക് കണ്ടെത്തിയത്. തോക്ക് തിരയാനും കണ്ടെത്താനുമായി സിബിഐ ഒരു വിദേശ കടല്‍ പര്യവേഷണ ഏജന്‍സിയുടെ സഹായം തേടിയിരുന്നു. 

എന്നാല്‍ ഇത് ധബോല്‍ക്കറുടെ കൊലപാതകത്തിന് ഉപയോഗിച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് സിബിഐ പറഞ്ഞു. പരിശോധനയില്‍ ഒരു ആയുധം കണ്ടെത്തിയിട്ടുണ്ട്. പക്ഷേ ഇത് കുറ്റകൃത്യവുമായി ബന്ധപ്പെട്ടുള്ളതാണോ അല്ലയോ എന്ന് വ്യക്തമല്ല. ഫോറന്‍സിക് ലബോറട്ടറിയില്‍നിന്ന് ബാലസ്റ്റിക് റിപ്പോര്‍ട്ട് കിട്ടിയശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. - സിബിഐ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. 

കേസില്‍ കുറ്റാരോപിതനായ ഷരദ് കല്‌സ്‌കര്‍ വെടിവെക്കാനുപയോഗിച്ച തോക്ക് തകര്‍ത്തശേഷം താനെയില്‍ ഒരു അരുവിയില്‍ ഉപേക്ഷിച്ചുവെന്നാണ് സിബിഐ നേരത്തെ പുണെ കോടതിയില്‍ അറിയിച്ചത്. കേസിലെ പ്രതിയും അഭിഭാഷകനുമായ സഞ്ജയ് പുനാലേക്കര്‍, കുറ്റകൃത്യത്തിന്‌ ഉപയോഗിച്ച തോക്കുകള്‍ നശിപ്പിക്കാന്‍ ഷരദ് കല്‌സ്‌കറിനെ ഉപദേശിച്ചതായി ആരോപണമുണ്ട്.

Content Highlights: Narendra Dabholkar Murder: CBI Recovers Firearm From Creek, Sends It For Test

Content Highlights: