മൈസൂരുവിൽ റെസ്റ്റോപബ്ബിൽ തീപിടിത്തം; രണ്ട് ജീവനക്കാർ വെന്തുമരിച്ചു, ഉടമയുൾപ്പെടെ ആറ് പേർക്ക് പരിക്ക്

#ന്യൂസ് ‍ഡെസ്ക്
കർണാടകയിലെ മൈസൂരുവിലുള്ള റെസ്റ്റോ പബ്ബിലുണ്ടായ തീപിടിത്തം | Photo: Screengrab from x.com/nextminutenews7
കർണാടകയിലെ മൈസൂരുവിലുള്ള റെസ്റ്റോ പബ്ബിലുണ്ടായ തീപിടിത്തം | Photo: Screengrab from x.com/nextminutenews7

മൈസൂരു: കർണാടകയിലെ മൈസൂരുവിലുള്ള റെസ്റ്റോ പബ്ബിലുണ്ടായ (റസ്റ്ററന്റും പബ്ബും ചേർന്ന കേന്ദ്രം) തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു. ഉടമയടക്കം ആറുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ചയായിരുന്നു സംഭവം. ഡാർജിലിങ് സ്വദേശിയായ സാഹിൻ (26), നേപ്പാൾ സ്വദേശിയായ പ്രകാശ് (24) എന്നിവരാണ് മരിച്ചത്. പബ്ബിലെത്തിയ ചിലരും പബ്ബ് ഉടമ പ്രീതം പുമീതുമാണ് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലുള്ളത്.

പതിനഞ്ചോളം പേരെ തങ്ങൾ രക്ഷപ്പെടുത്തിയതായും ഇവർ നിസ്സാര പരിക്കുകളോടെ അപകടനില തരണംചെയ്തതായും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. തീ പൂർണമായും അണച്ചതായും പബ്ബിലെ ജീവനക്കാരായ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും ഫയർഫോഴ്സ് വ്യക്തമാക്കി.

പ്രാഥമിക നിഗമനമനുസരിച്ച് ഷോട്സർക്കിറ്റാണ് തീപിടിത്തത്തിന് കാരണമെന്നാണ് കരുതുന്നത്. പബ്ബിലുണ്ടായിരുന്ന മരം കൊണ്ടുള്ള അലങ്കാരവസ്തുക്കളിലേക്ക് തീ പടർന്നത് ദുരന്തത്തിന്റെ ആക്കം കൂട്ടിയതാകാമെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. സംഭവത്തിൽ പോലീസും ഫയർഫോഴ്സും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights: Two young employees from Darjeeling and Nepal were killed, and six others including the owner were injured, after a massive fire triggered by a suspected short circuit broke out at a resto-pub in Mysuru, Karnataka.