'രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, 15 മിനിറ്റോളം കടലിൽ നീന്തി'; മുംബൈ അപകടം ഭീതിയോടെ ഓർത്ത് ദൃക്സാക്ഷി

മുംബൈയിലുണ്ടായ ബോട്ടപകടത്തിന്റെ ദൃശ്യം | Photo: ANI
മുംബൈയിലുണ്ടായ ബോട്ടപകടത്തിന്റെ ദൃശ്യം | Photo: ANI

മുംബൈ: നാവികസേനയുടെ സ്പീഡ് ബോട്ട് ഇടിച്ച് ഫെറി ബോട്ട് മുങ്ങി 13 പേര്‍ മരിച്ചതിന്റെ ആഘാതത്തിലാണ് മുംബൈ. ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നിന്ന് എലഫാന്റ ദ്വീപിലേക്ക് പുറപ്പെട്ട നീല്‍കമല്‍ എന്ന ബോട്ടാണ് മുങ്ങിയത്. അപകടസമയത്ത് നൂറിലേറെ യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. 

നടുക്കടലിലുണ്ടായദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടവര്‍ ഇപ്പോഴും ആഘാതത്തില്‍ നിന്ന് മുക്തരായിട്ടില്ല. മരണത്തെ മുഖാമുഖം കണ്ടശേഷം ജീവിതത്തിന്റെ കരയിലേക്ക് കയറിയവര്‍ ഭീതിയോടെയാണ് അപകടത്തെ ഓര്‍ക്കുന്നത്. 

രക്ഷാബോട്ട് എത്തുന്നതുവരെ 15 മിനുറ്റോളം താന്‍ കടലില്‍ നീന്തുകയായിരുന്നുവെന്ന് അപകടത്തിന് ദൃക്‌സാക്ഷിയായ ഒരു യാത്രക്കാരന്‍ പറഞ്ഞു. 'വൈകീട്ട് മൂന്നരയോടെയാണ് ഞാന്‍ ബോട്ടില്‍ കയറിയത്. മുംബൈയില്‍ നിന്ന് ഏകദേശം 45 മിനിറ്റ് സമയംകൊണ്ട് ബോട്ട് എലഫാന്റയില്‍ എത്തേണ്ടതാണ്. അവിടെയെത്താന്‍ എട്ട് കിലോമീറ്ററോളം ദൂരം കൂടി ഉള്ളപ്പോഴാണ് അപകടമുണ്ടായത്.' -യാത്രക്കാരന്‍ പറഞ്ഞു.

'മുംബൈയില്‍ നിന്ന് പത്ത് കിലോമീറ്ററോളം അകലെ കടലില്‍ ബോട്ടെത്തിയപ്പോഴാണ് അതിവേഗമെത്തിയ സ്പീഡ് ബോട്ട് വന്ന് ഇടിച്ചത്. ഉടന്‍ ബോട്ടിലേക്ക് വെള്ളം കയറാന്‍ തുടങ്ങി. ഡ്രൈവര്‍ ഉടന്‍ ലൈഫ് ജാക്കറ്റ് ധരിക്കാന്‍ ഞങ്ങളോട് പറഞ്ഞു. ഞാന്‍ ജാക്കറ്റ് ധരിക്കുമ്പോഴേക്ക് ബോട്ട് ഏറെക്കുറെ മുങ്ങിയിരുന്നു. രക്ഷാബോട്ട് എത്തുന്നതുവരെ 15 മിനുറ്റോളമാണ് ഞാന്‍ കടലില്‍ നീന്തിയത്.' -യാത്രക്കാരന്‍ തുടര്‍ന്നു. 

സ്പീഡ് ബോട്ടില്‍ ആറുപേരാണ് ഉണ്ടായിരുന്നത്. തകര്‍ന്ന യാത്ര ബോട്ടില്‍ നുറിലധികം പേരുണ്ടായിരുന്നു. ഇതില്‍ 13 പേര്‍ മരിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് അറിയിച്ചു. 101 പേരെ രക്ഷപ്പെടുത്തിയതായും മഹാരാഷ്ട്ര മുഖ്യമന്ത്രി അറിയിച്ചു. രക്ഷപ്പെട്ടവരില്‍ ചിലര്‍ അതീവഗുരുതരാവസ്ഥയിലാണെന്നാണ് വിവരം.

അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: Mumbai ferry boat accident witness remembers horrible experience