രാജ്യത്ത് ഈവര്‍ഷം മണ്‍സൂണ്‍ സാധാരണ നിലയിലായിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ചുവെന്നും ഈ വര്‍ഷം മണ്‍സൂണ്‍ ഇന്ത്യയില്‍ സാധാരണ നിലയിലായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തിയെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഡയറക്ടര്‍ ജനറല്‍ ഡോ. എം. മോഹന്‍പാത്ര പറഞ്ഞു.

അനുകൂല സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ കേരളത്തില്‍ മണ്‍സൂണ്‍ ആരംഭിച്ചെന്ന് പ്രഖ്യാപിച്ചതെന്ന് ഡോ. എം. മോഹന്‍പത്ര പത്രസമ്മേളനത്തില്‍ പറഞ്ഞു. ഈ വര്‍ഷം രാജ്യത്ത് സാധാരണ മഴക്കാലമായിരിക്കു. ശരാശരി 96 മുതല്‍ 104 ശതമാനം കാലവര്‍ഷം ലഭിക്കും.

തെക്കു-പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാരണം അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ കേരളത്തില്‍ കനത്ത മഴ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളില്‍ കേരളത്തില്‍ വ്യാപകമായ മഴയുണ്ടാകുമെന്ന് പ്രവചിക്കപ്പെടുന്നു. ഐഎംഡിയുടെ 80 ശതമാനത്തിലധികം സ്റ്റേഷനുകളില്‍ 2.5 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തിയിട്ടുണ്ടെന്നും മോഹന്‍പത്ര പറഞ്ഞു.

നല്ല മണ്‍സൂണിന് സാഹചര്യങ്ങള്‍ കൂടുതല്‍ അനുകൂലമായി മാറുകയാണെന്ന് പത്രസമ്മേളനത്തില്‍ ഡോ. മോഹന്‍പാത്രയ്ക്ക് ഒപ്പമുണ്ടായിരുന്ന ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി ഡോ. മാധവന്‍ നായര്‍ രാജീവന്‍ പറഞ്ഞു. രാജ്യത്ത് ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മഴക്കാലം ദീര്‍ഘകാല ശരാശരിയുടെ 102 ശതമാനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Monsoon Hits Kerala, Likely To Be Normal This Year, Says Weather Office

Content Highlights: