സംഘ പ്രാർത്ഥന ഭാരത മാതാവിനോടുള്ള പ്രാർത്ഥനയാണെന്ന്‌ മോഹൻ ഭാഗവത്

മോഹൻ ഭാ​ഗവത്| Photo: ANI
മോഹൻ ഭാ​ഗവത്| Photo: ANI

മുംബൈ: രാഷ്ട്രീയ സ്വയംസേവക സംഘ(ആർഎസ്എസ്)ത്തിന്റെ പ്രാർത്ഥന ഭാരതമാതാവിന് സമർപ്പിച്ചിട്ടുള്ളതാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ''അത് ഭാരത മാതാവിനോടുള്ള ഭക്തിയുടെയും സ്‌നേഹത്തിന്റെയും സമർപ്പണത്തിന്റെയും പ്രകടനമാണ്. നമുക്ക് രാജ്യത്തിന് എന്ത് നൽകാൻ കഴിയുമെന്നും രാജ്യത്തെ സേവിക്കാൻ ഞങ്ങളെ സഹായിക്കണമേ എന്നും ദൈവത്തോടുമുള്ള പ്രാർത്ഥനയാണത്.'' നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനത്തുവെച്ച് ഭാഗവത് പറഞ്ഞു.

''ഓരോ സ്വയംസേവകനും വ്യക്തിപരമായ പ്രതിജ്ഞകൾ ഉണ്ടാകുമെങ്കിലും, സംഘത്തിന്റെ പൊതുവായ ദൗത്യവും മൂല്യങ്ങളും ഉടലെടുക്കുന്നത് ദിവസവും ചൊല്ലുന്ന സംഘപ്രാർത്ഥനയിൽ നിന്നാണ്. സംഘ പ്രാർത്ഥന ഭാരത മാതാവിനോടുള്ള പ്രാർത്ഥനയാണ്. 1940 മുതൽ സ്വയംസേവകർ ഇത് ദിവസവും ചൊല്ലിവരുന്നു.

'ഈ പ്രാർത്ഥന സംഘത്തിന്റെ കൂട്ടായ ദൃഢനിശ്ചയമാണ്. പ്രാർത്ഥനയുടെ ചൈതന്യം നിശ്ചയദാർഢ്യത്തിന്റെ ശക്തിയാണ്, അത് മാതൃഭൂമിയോടുള്ള ഭക്തിയുടെയും സ്‌നേഹത്തിന്റെയും സമർപ്പണത്തിന്റെയും പ്രതീകമാണ്.'' അദ്ദേഹം പറഞ്ഞു.

ആർഎസ്എസ് ശതാബ്ദി വർഷത്തിലേക്കു കടക്കവേയുള്ള പ്രചാരണ പരിപാടിയുടെ ഭാഗമായി പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ ശങ്കർ മഹാദേവൻ ആലപിച്ച സംഘ പ്രാർത്ഥനയുടെ ഓഡിയോ റെക്കോർഡിങ് മോഹൻ ഭാഗവത് പ്രകാശനം ചെയ്തു.

''കമ്പ്യൂട്ടറുകൾക്ക് പിന്നിൽ ബൈനറി കോഡുകൾ ഉള്ളതുപോലെ, ഏതൊരു ഈണത്തിനും സപ്തസ്വരങ്ങൾ ഉണ്ട്. അതുപോലെ, നമ്മുടെ രാജ്യം ഒരു ഗാനമാണെങ്കിൽ, വിവിധ പ്രശ്നങ്ങളെയും വെല്ലുവിളികളെയും നേരിടുന്ന സ്വയംസേവകർ അതിലെ സ്വരങ്ങളെപ്പോലെയാണ്.'' 2023-ലെ ആഘോഷങ്ങളിൽ മഹാദേവൻ പറഞ്ഞിരുന്നു. ലണ്ടനിലെ സ്റ്റുഡിയോയിൽ റോയൽ ഫിൽഹാർമോണിക് ഓർക്കസ്ട്രയോടൊപ്പമാണ് ഗാനം റെക്കോർഡ് ചെയ്തത്. പിന്നണി സംഗീതജ്ഞരെല്ലാം വിദേശികളായിരുന്നു.

സംഗീതാവിഷ്‌കാരത്തിന് ശങ്കർ മഹാദേവൻ ശബ്ദം നൽകിയപ്പോൾ മറാത്തിയിലെ വിവരണം മുതിർന്ന നടൻ സച്ചിൻ ഖേദേക്കറും ഹിന്ദിയിലെ വിവരണം ഹരീഷ് ഭിമാനിയുമാണ് നൽകിയത്. എട്ട് വ്യത്യസ്ത ഭാഷകളിൽ ് വിവരണം നൽകിയിട്ടുണ്ട്. സംഘ പ്രാർത്ഥന രചിച്ചത് നരഹരി നാരായൺ ഭിഡെയാണ്. 1940 ഏപ്രിൽ 23-ന് പൂനെയിൽ നടന്ന സംഘ ശിക്ഷാ വർഗിൽ യാദവ് റാവു ജോഷിയാണ് ഇത് ആദ്യമായി ആലപിച്ചത്. 1939-ൽ പൂനെയിൽ ചേർന്ന ഒരു യോഗത്തിലാണ് പ്രാർത്ഥനയുടെ ആദ്യ രൂപം തയ്യാറാക്കിയത്.

Content Highlights: RSS Chief Mohan Bhagwat states the Sangh Prayer is a devotion to Mother India, expressing love and commitment to serving the nation. Released new audio recording.