LGBTQ വിഭാഗം സമൂഹത്തിന്റെ അവിഭാജ്യ ഘടകം; പാരമ്പര്യം എല്ലാവരെയും ഉൾക്കൊള്ളുന്നതെന്ന് മോഹൻ ഭാഗവത്

ന്യൂഡൽഹി: എൽജിബിടിക്യു (LGBTQ) വിഭാഗത്തിൽപ്പെട്ടവർ സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണെന്നും രാജ്യത്തിൻ്റെ പാരമ്പര്യം അവരെ ഉൾക്കൊള്ളുന്നതാണെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. സാമൂഹിക ചട്ടക്കൂടിനുള്ളിൽ അവരെ ഉൾക്കൊള്ളിക്കേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച മുംബൈയിൽ നടന്ന 'ഇന്ത്യ ഇന്റർനാഷണൽ മൂവ്‌മെന്റ് ടു യുണൈറ്റ് നേഷൻസ്' പരിപാടിയിൽ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവാഹം എന്നത് രണ്ടുപേർക്ക് ഒരുമിച്ച് ജീവിക്കാനുള്ള ഉടമ്പടിയല്ലെന്നും മറിച്ച് സമൂഹത്തിന്റെ അടിസ്ഥാന ഘടകത്തെ രൂപപ്പെടുത്തുന്ന ഒരു സാമൂഹിക സ്ഥാപനമാണെന്നും അദ്ദേഹം പറഞ്ഞു. നിയമം സമൂഹത്തെ നിയന്ത്രിക്കുന്നതിനേക്കാൾ, സമൂഹം നിയമങ്ങളെ നിശ്ചയിക്കുന്ന രീതിയാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, സ്വവർഗ വിവാഹത്തോട് തനിക്ക് യോജിപ്പില്ലെന്ന് ഭാഗവത് വ്യക്തമാക്കി. എന്നാൽ, സ്വവർഗ സഹവർത്തിത്വം അംഗീകരിക്കുന്ന ഒരു സംവിധാനം സമൂഹം വികസിപ്പിക്കേണ്ടതുണ്ടെന്നും അത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: LGBTQ individuals are an integral part of Indian society., Emphasis on social companionship over same-sex marriage., Marriage is viewed as a foundational unit for building responsible citizens., Society should evolve to accommodate diverse living arrangements without breaking traditional structures.