ഭാരത് ജോഡോ യാത്രയില്‍ സിപിഎം നേതാവ് തരിഗാമിയും പങ്കെടുക്കും; കശ്മീരിലെ പര്യടനത്തില്‍ അനിശ്ചിതത്വം

ശ്രീനഗര്‍: ഭാരത് ജോഡോ യാത്രയുടെ കശ്മീരിലെ പര്യടനത്തില്‍ സി.പി.എം. നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി പങ്കെടുക്കും. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. കശ്മീരിന്റെ പ്രത്യേക അവകാശം റദ്ദാക്കിയതിനെതിരെ രംഗത്തുള്ള ഗുപ്കാര്‍ സഖ്യത്തിലെ പ്രധാനനേതാക്കളെല്ലാം ഭാരത് ജോഡോ യാത്രയില്‍ പങ്കാളികളാവും.
ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹ്ബൂബാ മുഫ്തി എന്നിവരും യാത്രയില്‍ പങ്കാളികളാകുമെന്നായിരുന്നു ശ്രീനഗറില്‍ മാധ്യമങ്ങളോട് സംസാരിക്കവെ കെ.സി. വേണുഗോപാല്‍ അറിയിച്ചത്. 'ഇത് സന്തോഷകരമായ നിമിഷമാണ്. ബി.ജെ.പി. ഒഴികെയുള്ള ജമ്മു കശ്മീരിലെ നേതാക്കളെല്ലാം യാത്രയില്‍ പങ്കാളികളാവും.'- കെ.സി. വേണുഗോപാല്‍ പറഞ്ഞു.
ഫറൂഖ് അബ്ദുള്ളയും മെഹ്ബൂബാ മുഫ്തിയും പങ്കെടുക്കുമെന്ന് പരസ്യമായി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. യൂസഫ് തരിഗാമി ഇക്കാര്യത്തില്‍ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
അതേസമയം, യാത്രയ്ക്ക് കശ്മീരില്‍ അനുമതി ലഭിക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ജനുവരി 22നാണ് യാത്ര കശ്മീരില്‍ പ്രവേശിക്കേണ്ടത്. ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായി കഴിഞ്ഞ തിങ്കളാഴ്ച കെ.സി. വേണുഗോപാല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
കന്യാകുമാരിയില്‍ ഭാരത് ജോഡോ യാത്ര ആരംഭിച്ചതുമുതല്‍ കേരളത്തിലെ നേതാക്കളടക്കം പരിസാഹത്തോടെയായിരുന്നു പ്രതികരിച്ചത്. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ എം. സ്വരാജ് യാത്രയെ കണ്ടെയ്‌നര്‍ യാത്രയെന്നായിരുന്നു പരിഹസിച്ചത്. പാര്‍ട്ടിയുടെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടിലും വിമര്‍ശനം പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ജയറാം രമേശ് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. അതേസമയം, യാത്രയ്ക്ക് മികച്ച പ്രതികരണമാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ലഭിക്കുന്നതെന്ന് കേന്ദ്രകമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.
Content Highlights: Mohammed Yousuf Tarigami Bharat Jodo Yatra Kashmir Rahul Gandhi KC Venugopal CPIM