' പ്രതിപക്ഷനേതാവിന് ജന്മദിനാശംസകള്'; രാഹുല്‍ ഗാന്ധിക്ക് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: 55ാം ജന്മദിനമാഘോഷിക്കുന്ന രാഹുല്‍ ഗാന്ധിക്ക് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ലോക്സഭയിലെ പ്രതിപക്ഷനേതാവിന് ജന്മദിനാശംസകള്. അദ്ദേഹത്തിന് ദീര്‍ഘായുസ്സും ആരോഗ്യവും നേരുന്നു.' സാമൂഹികമാധ്യമമായ എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് എന്നിവര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ആശംസകള്‍ അറിയിച്ചു. 'രക്തബന്ധമല്ലെങ്കിലും ആശയത്തിലൂടെയും ചിന്തകളിലൂടെയും സഹോദരനായി കണക്കാക്കുന്ന രാഹുല്‍ ഗാന്ധിക്ക് ജന്മദിനാശംസകള്' എന്നാണ് സ്റ്റാലിന് എക്സില്‍ കുറിച്ചത്. ഇന്ത്യയ്ക്ക് വേണ്ടിയുള്ള മുന്നോട്ടുള്ള യാത്രയില്‍ വിജയം നമുക്കായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധിയുടെ പിറന്നാളുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ന്യൂ ഡല്‍ഹി തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നുണ്ട്. മേളയുടെ ഭാഗമായി നൂറിലധികം കമ്പനികളിലായി 5000ത്തിലധികം ആളുകള്‍ക്ക് ജോലി ലഭിക്കുമെന്നും യുത്ത് കോണ്‍ഗ്രസ് പറഞ്ഞു. എന്നാല്‍ യൂത്ത് കോണഗ്രസിന്റെ ഈ പ്രവര്‍ത്തിയെ ഉത്തരേന്ത്യയില്‍ നിന്ന് തുടച്ച് നീക്കപ്പെട്ട ഒരു പാര്‍ട്ടിയുടെ 'പബ്ലിസിറ്റി സ്റ്റണ്ട്' ആയി മാത്രമേ കാണുന്നുള്ളു എന്നാണ് ബി.ജെ.പി ഇതിനോട് പ്രതികരിച്ചത്. 3000 സീറ്റുകള്‍ മാത്രമുള്ള സ്റ്റേഡിയത്തില്‍ 20,000 ആളുകള്‍ പേര് രജിസ്റ്റര്‍ ചെയ്തു എന്ന് പറയുന്നതിലെ വൈരുധ്യം ചോദ്യം ചെയ്ത് ഡല്‍ഹി ബി.ജെ.പി വക്താവ് പ്രവീണ്‍ ശങ്കര്‍ കപൂര്‍ രംഗത്തെത്തി. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്കി കോണ്‍ഗ്രസ് യുവാക്കളെ വഞ്ചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: PM Modi wishes Rahul Gandhi on his 55th birthday. Congress`s job fair initiative sparks debate