10 വർഷം തടവും 10 കോടി പിഴയും, വിചാരണയ്ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി; ചോദ്യചോർച്ചക്ക് തടയിടാൻ കേന്ദ്രം

#ന്യൂസ് ഡെസ്ക്
ഡൽഹി ജന്തർമന്തറിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്നതിനിടയിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്നു. | Photo by Arun SANKAR / AFP
ഡൽഹി ജന്തർമന്തറിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്നതിനിടയിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) പ്രവർത്തകർ മുദ്രാവാക്യം വിളിക്കുന്നു. | Photo by Arun SANKAR / AFP

ന്യൂഡൽഹി: സംഘടിത ചോദ്യപേപ്പർ ചോർച്ചാ സംഘങ്ങൾക്കെതിരെ കൂടുതൽ കർശനമായ നിയമവ്യവസ്ഥകൾ കൊണ്ടുവരാൻ നരേന്ദ്ര മോദി സർക്കാർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. മൂന്നു മാസത്തിനകം അന്വേഷണവും വിചാരണയും പൂർത്തിയാക്കണമെന്ന വ്യവസ്ഥ, പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾക്ക് നിയമപരമായ അംഗീകാരം, പത്ത് വർഷംവരെ തടവും പത്തുകോടി രൂപവരെ പിഴയും ചുമത്താവുന്ന കടുത്ത ശിക്ഷാ നടപടികൾ എന്നിവയാണ് പുതിയ ഭേദഗതികളിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപവത്കരിക്കുക എന്നതാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട നിർദ്ദേശം. അത്തരം കേസുകളിൽ ദീർഘകാലം നീളുന്ന നിയമനടപടികൾ ഒഴിവാക്കി, മൂന്നുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനും വിധി പ്രസ്താവിക്കാനും ഈ കോടതികൾക്ക് സാധിക്കും. വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സംഘടിത ചോദ്യപേപ്പർ ചോർച്ചാ മാഫിയകളുടെ പ്രവർത്തനങ്ങൾ തടയുന്നതിനും പൊതുപരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിൽ വേഗത്തിൽ നീതി ഉറപ്പാക്കുന്നതിനുമാണ് പുതിയ വ്യവസ്ഥകൾ ലക്ഷ്യമിടുന്നത്. വെള്ളിയാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം ഈ നിർദ്ദേശങ്ങൾ പരിഗണിച്ചതായാണ് വിവരം.

മത്സരപ്പരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനായി 2024 ജൂണിൽ മോദി സർക്കാർ കൊണ്ടുവന്ന ‘പൊതുപരീക്ഷാ നിയമം- 2024’ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് പുതിയ ഭേദഗതികൾ. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആശങ്കകളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇത് രാജ്യവ്യാപകമായി വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് കാരണമാവുകയും പൊതുപരീക്ഷകളുടെ സുതാര്യത സംരക്ഷിക്കുന്നതിനായി കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രംഗത്തുവരികയും ചെയ്തിരുന്നു.

നീറ്റ്, ജെ.ഇ.ഇ. തുടങ്ങിയ പൊതുപരീക്ഷകൾ നടത്തുന്നതിന് ഉപയോഗിക്കുന്ന കമ്പ്യൂട്ടർ സംവിധാനങ്ങളിൽ കൃത്രിമം കാണിക്കൽ, ആൾമാറാട്ടം, സംഘടിത കോപ്പിയടി, ചോദ്യപേപ്പർ ചോർച്ച എന്നിവ നിലവിലെ നിയമപ്രകാരം തന്നെ കുറ്റകരമാണ്. നിലവിലുള്ള നിയമപ്രകാരം കുറ്റക്കാരായ വ്യക്തികൾക്ക് മൂന്നുമുതൽ അഞ്ചുവർഷം വരെ തടവും പത്തു ലക്ഷം രൂപ വരെ പിഴയും ലഭിക്കാം. അതേസമയം, സംഘടിത ചോദ്യപേപ്പർ ചോർച്ചാ റാക്കറ്റുകളിൽ ഉൾപ്പെടുന്നവർക്ക് അഞ്ചുമുതൽ പത്തുവർഷം വരെ തടവും കുറഞ്ഞത് ഒരു കോടി രൂപ പിഴയുമാണ് ശിക്ഷ.