ലോകാരോഗ്യ സംഘടനാ തലവന്‍ ടെഡ്രോസ് അദാനോമിനെ 'തുളസീ ഭായ്' എന്നുവിളിച്ച് പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി : ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗബ്രിയോസിസിന് പുതിയ പേര് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. തുളസി ഭായ് എന്നാണ് പ്രധാനമന്ത്രി ടെഡ്രോസിനെ വിളിച്ചത്. 'നിങ്ങളെ തുളസി ഭായ് എന്നു വിളിക്കുന്നതു ഞാന്‍ ആസ്വദിക്കുന്നു'- ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന ഗ്ലോബല്‍ ആയുഷ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഇന്നവേഷന്‍ ഉച്ചകോടിയില്‍ പ്രധാനമന്ത്രി പറഞ്ഞു.
തനിക്കൊരു ഗുജറാത്തി പേര് വേണമെന്ന് ടെഡ്രോസ് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ആയുര്‍വേദത്തില്‍ അവിഭാജ്യഘടകമായ തുളസിയുടെ പേര് തന്നെ ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറലിനെ വിളിച്ചത്. കാലങ്ങളായി ഇന്ത്യക്കാര്‍ തുളസിച്ചെടിയെ ആരാധിക്കുന്നുണ്ടെന്നും പരിപാടിയില്‍ പ്രധാനമന്ത്രി വിശദീകരിച്ചു.
'ടെഡ്രോസ് എന്റെ നല്ലൊരു സുഹൃത്താണ്. ഇന്ത്യക്കാരായ അധ്യാപകര്‍ പഠിപ്പിച്ചിട്ടുണ്ടെന്നും അവര്‍ കാരണമാണ് താന്‍ ഇവിടെ വരെ എത്തിയതെന്നും അദ്ദേഹം പറയാറുണ്ട്. ഇപ്പോള്‍ അദ്ദേഹം ഗുജറാത്തിയില്‍ ഒരു പേര് തീരുമാനിച്ചിട്ടുണ്ടോയെന്ന് എന്നോട് ചോദിച്ചു. അതുകൊണ്ട് ഗുജറാത്തിയില്‍ ഞാന്‍ അദ്ദേഹത്തെ തുളസീ ഭായ് എന്നു വിളിക്കുന്നു. പുതിയ തലമുറ മറന്നുപോകുന്ന ഒരു ചെടിയാണ് തുളസി. പല തലമുറകള്‍ തുളസിയെ ആരാധിച്ചിരുന്നു. ഇന്ത്യയുടെ ആത്മീയ പൈതൃകത്തില്‍ പ്രധാനപ്പെട്ട ഒന്നാണത്. ഗുജറാത്തി പേരായതിനാല്‍ ഭായ് എന്ന നാം മാറ്റി നര്‍ത്താനാകില്ല.' പ്രധാനമന്ത്രി വിശദീകരിച്ചു. കഴിഞ്ഞ ദിവസം ഗുജറാത്തി ഭാഷയില്‍ സംസാരിച്ചുകൊണ്ട് ടെഡ്രോസ്, ഗുജറാത്തിനോടുള്ള തന്റെ സ്നേഹം പ്രകടിപ്പിച്ചിരുന്നു.
ഇന്ത്യയിലെ പരമ്പരാഗത ചികിത്സാ രീതികള്‍ക്കായി രാജ്യത്തേക്കു വരുന്ന വിദേശികള്‍ക്കുവേണ്ടി പ്രത്യേക ആയുഷ് വിസ ഉടന്‍ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്നു ദിവസമായി നടക്കുന്ന ഉച്ചകോടിയില്‍ ലോകാരോഗ്യ സംഘടനാ ഡയറക്ടര്‍ ജനറലിന് പുറമേ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ദുഗ്നാഥും പങ്കെടുക്കുന്നുണ്ട്.
Content Highlights: Modi gives Gujarati name to WHO's Tedros Ghebreyesus