അസമിൽ തിരുവനന്തപുരത്തെ ബിജെപി വിജയം പരാമർശിച്ച് മോദി; 'ജന്മസ്ഥലമായ മുംബൈയിൽ കോൺഗ്രസും തകർന്നു'

#ന്യൂസ് ഡെസ്ക്
പ്രധാനമന്ത്രി നരേന്ദ്രമോദി | ഫോട്ടോ: എഎന്‍ഐ
പ്രധാനമന്ത്രി നരേന്ദ്രമോദി | ഫോട്ടോ: എഎന്‍ഐ

ഗുവാഹാട്ടി: മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസിന്റെ ജന്മസ്ഥലമായ മുംബൈയിൽ അവർ നാലാമതോ അഞ്ചാമതോ ആയെന്നും മഹാരാഷ്ട്രയിൽ കോൺഗ്രസ് തകർന്നുപോയെന്നും പ്രധാനമന്ത്രി പറഞ്ഞു. അസമിലെ കലിയാബോറിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം മുംബൈയിലെ ബിജെപി വിജയവും കോൺഗ്രസിന്റെ പരാജയവും പരാമർശിച്ചത്.

1885-ൽ മുംബൈയിലാണ് കോൺഗ്രസ് പിറന്നത്. പക്ഷേ, ഇപ്പോഴും അവിടെ ഒന്നാമത് എത്താനായില്ല. കോൺഗ്രസ് പിറവികൊണ്ട മുംബൈയിൽ അവർ നാലാമതോ അഞ്ചാമതോ ആണ്. അവരുടെ 'നെഗറ്റീവ് പൊളിറ്റിക്‌സ്' ആണ് അതിനുകാരണം. കോൺഗ്രസിന് വികസന അജണ്ടകളില്ല. അതിനാൽ രാജ്യത്തിന് കോൺഗ്രസിൽ വിശ്വാസം നഷ്ടപ്പെട്ടു. വർഷങ്ങളോളം ഭരിച്ച മഹാരാഷ്ട്രയിൽ കോൺഗ്രസ് പാർട്ടി പൂർണമായും തകർന്നുപോയെന്നും നരേന്ദ്രമോദി പറഞ്ഞു.

ബിഹാറിലും മുംബൈയിലും തിരുവനന്തപുരത്തും ബിജെപി നേടിയ വിജയങ്ങളും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കോൺഗ്രസിന്റെ 'നെഗറ്റീവ് പൊളിറ്റിക്‌സ്' ജനങ്ങൾ തള്ളിക്കളയുന്നു എന്നതിന്റെ തെളിവാണ് ഈ വിജയങ്ങൾ. ബിഹാറിലും മുംബൈയിലും തിരുവനന്തപുരം കോർപ്പറേഷനിലും ബിജെപി ചരിത്രം സൃഷ്ടിച്ചെന്നും നരേന്ദ്രമോദി പറഞ്ഞു.

തിരഞ്ഞെടുപ്പുകളിൽ വിജയിക്കാനായി കോൺഗ്രസ് രാജ്യത്തിന്റെ ഭൂമി നുഴഞ്ഞുകയറ്റക്കാർക്ക് കൈമാറിയെന്നും പ്രധാനമന്ത്രി ആരോപിച്ചു. ''തിരഞ്ഞെടുപ്പുകളിൽ വോട്ട് കിട്ടാനും സർക്കാർ രൂപവത്കരിക്കാനും കോൺഗ്രസ് നിങ്ങളുടെ ഭൂമി രാജ്യത്തേക്ക് നുഴഞ്ഞുകയറിയവർക്ക് കൈമാറി. ഇത്തരം നുഴഞ്ഞുകയറ്റക്കാർ അസമിനും രാജ്യത്തിനും വലിയ ഭീഷണിയാണ്. അതിനാൽ നിങ്ങൾ കോൺഗ്രസിനെ സൂക്ഷിക്കണം. അധികാരം കിട്ടാനായി നുഴഞ്ഞുകയറ്റക്കാരെ ആശ്രയിക്കുന്ന നയമാണ് കോൺഗ്രസ് പിന്തുടരുന്നത്. ഈ കാരണത്താലാണ് കോൺഗ്രസിനെ മറ്റിടങ്ങളിലെ വോട്ടർമാർ തള്ളിക്കളഞ്ഞത്'', മോദി പറഞ്ഞു.

നുഴഞ്ഞുകയറ്റക്കാർക്കും അനധികൃത കൈയേറ്റക്കാർക്കുമെതിരേ  അസം സർക്കാർ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും സർക്കാരിനെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ വനമേഖലയും മതകേന്ദ്രങ്ങളും പൈതൃക കേന്ദ്രങ്ങളും ഉറച്ച നടപടികളിലൂടെ സംരക്ഷിക്കുന്നു. ഈ ശ്രമങ്ങളെല്ലാം രാജ്യവ്യാപകമായി പ്രശംസിക്കപ്പെടുന്നുണ്ട്. വടക്കുകിഴക്കൻ മേഖല ഇപ്പോൾ വികസനത്തിന്റെ അരികിലല്ല, മറിച്ച് ഡൽഹിയോട് അടുത്തിരിക്കുകയാണ്. അസമിന്റെയും വടക്കുകിഴക്കൻ മേഖലയുടെയും വികസനം രാജ്യത്തിന്റെ വളർച്ചയുടെ പ്രധാനഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

6950 കോടി രൂപയുടെ കാസിരംഗ എലിവേറ്റഡ് കോറിഡോർ പദ്ധതിയുടെ ശിലാസ്ഥാപനത്തിനും അസമിൽനിന്നുള്ള രണ്ട് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ ഫ്‌ളാഗ് ഓഫ് നിർവഹിക്കാനുമാണ് പ്രധാനമന്ത്രി ഞായറാഴ്ച കാലിയബോറിലെത്തിയത്. 2026-ൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് അസം.

Content Highlights: PM Modi slams Congress`s electoral losses in Mumbai, highlighting BJP`s triumphs and accusing Congress of negative politics and appeasement. Read more!