‘ടിവികെ സർക്കാർ എപ്പോൾവേണമെങ്കിലും താഴെവീഴാം, തയ്യാറായി ഇരിക്കുക’; പാർട്ടി യോഗത്തിൽ സ്റ്റാലിൻ

ചെന്നൈ: സി. ജോസഫ് വിജയ്‌യുടെ ടിവികെ സർക്കാർ ഏതുസമയത്തും താഴെവീഴാമെന്ന് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ. അതിനാൽ പ്രവർത്തകർ ഇതിനായി തയ്യാറെടുത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിൽ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയം ചർച്ചചെയ്യാനായി വിളിച്ചുചേർത്ത ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടിവികെ സർക്കാർ എപ്പോൾവേണമെങ്കിലും താഴെവീഴാം. അതിനാൽ ഡിഎംകെ ഭാരവാഹികൾ തയ്യാറായി ഇരിക്കണം. 2029-ൽ ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പും നടക്കാൻ സാധ്യതയുണ്ടെന്നും സ്റ്റാലിൻ യോഗത്തിൽ പറഞ്ഞു. പാർട്ടിയുടെ നേതാവെന്നനിലയിൽ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പരാജയത്തിൽ പല ഭാരവാഹികളും പരസ്പരം കുറ്റപ്പെടുത്തുകയാണ്. അതുവേണ്ട. പാർട്ടിയുടെ നേതാവെന്ന നിലയിൽ പരാജയത്തിന്റെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നു. പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്തി 20 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഉന്നതതല സമിതിക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
ഉന്നതതല അന്വേഷണ സമിതി സംസ്ഥാനത്തുടനീളം സഞ്ചരിച്ച് വിവരങ്ങൾ ശേഖരിക്കും. ഓരോ മണ്ഡലത്തിലും എല്ലാതലത്തിലുമുള്ള ഭാരവാഹികളിൽനിന്നും വിവരങ്ങൾ തേടും. റിപ്പോർട്ട് കിട്ടിയാലുടൻ അതനുസരിച്ച് നടപടികളുണ്ടാകും. ആരാണ് ഉത്തരവാദികൾ, അവർക്കെതിരേ അവരുടെ സ്ഥാനമാനങ്ങളൊന്നും നോക്കാതെ നടപടിയുണ്ടാകുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.
തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് ഫലത്തെ 'രാഷ്ട്രീയ സുനാമി' എന്നാണ് സ്റ്റാലിൻ വിശേഷിപ്പിച്ചത്. അഞ്ചുവർഷത്തെ ഭരണത്തോട് പൊതുജനങ്ങൾക്കുണ്ടായിരുന്ന മതിപ്പ് തിരഞ്ഞെടുപ്പ് വിജയത്തിലേക്ക് എത്തിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടെന്നും അദ്ദേഹം വിലയിരുത്തി. സാമൂഹികമാധ്യമങ്ങളിൽ കൂടുതൽ സാന്നിധ്യമറിയിക്കേണ്ടതിന്റെ പ്രധാന്യവും യോഗത്തിൽ ചൂണ്ടിക്കാട്ടി. പൊതുയോഗങ്ങൾക്കും പ്രതിഷേധങ്ങൾക്കും അപ്പുറം ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലാണ് ഇപ്പോൾ രാഷ്ട്രീയപോരാട്ടമെന്നും അതിനാൽ എല്ലാവരും സാമൂഹികമാധ്യമങ്ങളിൽ സജീവമാകണമെന്നും സ്റ്റാലിൻ നിർദേശിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ അറിയിക്കാനും പാർട്ടിയിൽ വരുത്തേണ്ട മാറ്റങ്ങൾ നിർദേശിക്കാനുമായി ഒരു വെബ്‌സൈറ്റ് ആരംഭിച്ചതായും പിന്നീട് എം.കെ. സ്റ്റാലിൻ പറഞ്ഞു. www.udanpirapinkural.in എന്ന പേരിലാണ് ഡിഎംകെ വെബ്‌സൈറ്റ് ആരംഭിച്ചിരിക്കുന്നത്. പാർട്ടി ഭാരവാഹികൾക്കും പ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഈ വെബ്‌സൈറ്റ് വഴി അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.
Content Highlights: MK Stalin takes full responsibility for the recent DMK election defeat., Stalin predicts the TVK government could collapse at any time., Potential for simultaneous Lok Sabha and Assembly elections in 2029., High-level committee appointed to investigate defeat and submit report within 20 days., Launch of 'Udanpirapin Kural' website for public and cadre feedback.