‘നിയമസഭ സിനിമാസെറ്റ് പോലെ, ശ്രദ്ധ പഞ്ച് ഡയലോഗ് പറയുന്നതിൽ’; വിജയ്ക്കെതിരേ രൂക്ഷവിമർശവുമായി സ്റ്റാലിൻ

#ന്യൂസ് ഡെസ്‌ക്
വിജയ്, സ്റ്റാലിൻ | Photo: PTI
വിജയ്, സ്റ്റാലിൻ | Photo: PTI

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ നിയമസഭയിലെ പെരുമാറ്റത്തെ വിമർശിച്ച് മുൻമുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ. തമിഴ്‌നാട് നിയമസഭയെ വിജയ്, സിനിമാ സെറ്റു പോലെയാണ് കാണുന്നതെന്നും അദ്ദേഹത്തിന്റെ ശ്രദ്ധ പഞ്ച് ഡയലോഗുകൾ പറയുന്നതിലാണെന്നും സ്റ്റാലിൻ വിമർശിച്ചു.

ഡിഎംകെ കാലത്ത് അവതരിപ്പിച്ച പദ്ധതികളുടെ പേരുകൾ വിജയ് മാറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഡിഎംകെ എക്‌സിക്യൂട്ടീവ് യോഗത്തിലായിരുന്നു സ്റ്റാലിന്റെ വിമർശനം.

‘നമ്മൾ അവതരിപ്പിച്ച പദ്ധതികളുടെ പേരുമാറ്റുന്ന തിരക്കിലാണ് നിലവിലെ മുഖ്യമന്ത്രി. അദ്ദേഹം നിയമസഭയെ സിനിമാ സെറ്റ് പോലെ കാണുകയും പഞ്ച് ഡയലോഗുകൾ പറയുകയും ചെയ്യുന്നു. നമ്മളെ സംബന്ധിച്ചിടത്തോളം ജയിച്ചാലും തോറ്റാലും ജനങ്ങളുടെ നിത്യജീവിതവുമായി അങ്ങേയറ്റം അടുപ്പമുള്ള ആളുകളാണ് നാം’, സ്റ്റാലിൻ പറഞ്ഞു.

പാർട്ടിയുടെ തിരഞ്ഞെടുപ്പ് തോൽവിയെ പുനഃപരിശോധനയ്ക്കായും ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യാനുള്ള അവസരമായും കാണണമെന്നും സ്റ്റാലിൻ പറഞ്ഞു.

Content Highlights: MK Stalin criticized C. Joseph Vijay's behavior in the Tamil Nadu assembly., Stalin alleged that Vijay treats the assembly like a movie set and focuses on punch dialogues., Accused the current government of renaming projects introduced during the DMK era., Stalled called for a review of election defeat and planning for future strategies.