ഗവര്‍ണര്‍ RN രവിയുടെ നിലപാട് ബാലിശം, തമിഴ്നാട് വികസിക്കുന്നത് അദ്ദേഹത്തിന് ദഹിക്കുന്നില്ല- സ്റ്റാലിൻ

തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി , തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ | Photo: ANI
തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി , തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ | Photo: ANI

ചെന്നൈ: സംസ്ഥാന നിയമസഭയെ അഭിസംബോധന ചെയ്യേണ്ടതില്ലെന്ന ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ തീരുമാനം ബാലിശമാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഗവര്‍ണര്‍ ആസൂത്രിതമായി ചട്ടങ്ങള്‍ ലംഘിക്കുന്നുണ്ടെന്നും സംസ്ഥാനത്തിന്റെ വികസനം അദ്ദേഹത്തിന് ദഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ആര്‍.എന്‍. രവി ഗവര്‍ണറായി എത്തിയതിനുശേഷം കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി നിയമസഭ വിചിത്രമായ രംഗങ്ങള്‍ക്കാണ് സാക്ഷ്യംവഹിക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. 

'ഗവര്‍ണര്‍ നിയമസഭയില്‍ വരുന്നുണ്ടെങ്കിലും സഭയെ അഭിസംബോധന ചെയ്യാതെ മടങ്ങിപ്പോകുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ബാലിശമാണെന്ന് ഞാന്‍ പറഞ്ഞത്,' സ്റ്റാലിന്‍ നിയമസഭയില്‍ പറഞ്ഞു. തമിഴ്നാട് വികസിക്കുന്നത് ഗവര്‍ണര്‍ക്ക് ദഹിക്കുന്നില്ലെന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ ഒരു സാധാരണക്കാരനായിരിക്കാം. പക്ഷേ, കോടിക്കണക്കിന് ജനങ്ങളുടെ വികാരംകൊണ്ടാണ് ഈ നിയമസഭ നിലനില്‍ക്കുന്നത്, സ്റ്റാലിന്‍ പറഞ്ഞു. 

കഴിഞ്ഞദിവസം നിയമസഭാ സമ്മേളനം തുടങ്ങുമ്പോള്‍ ദേശീയഗാനത്തിനുപകരം തമിഴ് നാടിന്റെ സംസ്ഥാനഗീതമായ 'തമിഴ് തായ് വാഴ്ത്ത്' പാടിയതില്‍ ചൊടിച്ച് നയപ്രഖ്യാപന പ്രസംഗം നടത്താതെ ഗവര്‍ണര്‍ നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു. 

Content Highlights: Tamil Nadu CM MK Stalin against governor RN Ravi