ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു; ജമ്മു കശ്മീരിൽ 25 പുസ്തകങ്ങൾ നിരോധിച്ച് ആഭ്യന്തരമന്ത്രാലയം

പ്രതീകാത്മകചിത്രം| photo: pixabay.com
പ്രതീകാത്മകചിത്രം| photo: pixabay.com

ന്യൂഡല്‍ഹി: ബുക്കര്‍ പ്രൈസ് ജേതാവ് അരുന്ധതി റോയിയുടെ 'ആസാദി', സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന എ.ജി. നൂറാനിയുടെ 'ദി കശ്മീര്‍ ഡിസ്പ്യൂട്ട് - 1947-2012' എന്നിവയടക്കം 25 പുസ്തകങ്ങള്‍ ജമ്മു-കശ്മീരില്‍ നിരോധിച്ച് ആഭ്യന്തരമന്ത്രാലയം. മൗലാന മൗദദി, വിക്ടോറിയ സ്‌കോഫീല്‍ഡ്, ഡേവിഡ് ദേവദാസ് എന്നിവരുടെ പുസ്തകങ്ങളും നിരോധിച്ചവയില്‍പ്പെടും. 

തെറ്റായ വ്യാഖ്യാനങ്ങളും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതും വിഘടനവാദം വളര്‍ത്തുന്നതുമായ ഉള്ളടക്കമായതിനാലാണ് നിരോധനമെന്ന് ആഭ്യന്തരമന്ത്രാലയം ഇറക്കിയ ഉത്തരവില്‍ പറയുന്നു.

ജമ്മു-കശ്മീരില്‍ ഭീകരവാദത്തിലേക്കും അക്രമപ്രവര്‍ത്തനങ്ങളിലേക്കും യുവാക്കള്‍ വലിയതോതില്‍ ആകൃഷ്ടരാകുന്നത് വ്യാജവ്യാഖ്യാനങ്ങളും വിഘടനവാദ ഉള്ളടക്കങ്ങളും ബോധപൂര്‍വം പ്രചരിപ്പിക്കുന്നു എന്നതിനാലാണെന്ന് അന്വേഷണങ്ങളില്‍ വ്യക്തമായിട്ടുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. വിശ്വസനീയമായ ഇന്റലിജന്റ്സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നിരോധിക്കാനുള്ള തീരുമാനമെന്നും വ്യക്തമാക്കി.

മൗദദിയുടെ അല്‍ ജിഹാദുല്‍ ഫില്‍ ഇസ്ലാം, ഓസ്ട്രേലിയന്‍ എഴുത്തുകാരന്‍ ക്രിസ്റ്റഫര്‍ സ്നെഡന്റെ സ്വതന്ത്ര കശ്മീര്‍, ഡേവിഡ് ദേവദാസിന്റെ ഇന്‍ സെര്‍ച്ച് ഓഫ് കശ്മീര്‍, വിക്ടോറിയ സ്‌കോഫീല്‍ഡിന്റെ കശ്മീര്‍ ഇന്‍ കോണ്‍ഫ്ളിക്ട് എന്നിവ നിരോധിച്ചവയില്‍പെടും.

നൂറാനിയുടെയും അരുന്ധതി റോയിയുടെയും ഉള്‍പ്പെടെ കൃതികള്‍ നിരോധിച്ചത് അഭിപ്രായസ്വാതന്ത്ര്യത്തിനുനേര്‍ക്കുള്ള കടന്നാക്രമണമാണെന്നും വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നും രാജ്യസഭയില്‍ സിപിഎം അംഗം വി. ശിവദാസന്‍ ആവശ്യപ്പെട്ടു. സ്വേച്ഛാധിപത്യത്തിന്റെ മറ്റൊരു പ്രകടമായ രൂപമാണിതെന്നും അഭിപ്രായസ്വാതന്ത്ര്യത്തിനുനേര്‍ക്കുള്ള കടന്നാക്രമണമാണെന്നും സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. 

Content Highlights: ministry of home affairs banned 25 books in jammu and kashmir accusing encouragement of terrorism